തൃശൂർ: ഗവ. മെഡിക്കൽ കോളേജിലെ വൈറോളജി ലാബിൽ കൊറോണ രോഗനിർണ്ണയ പരിശോധന ആരംഭിച്ചു. മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലുള്ളവർക്കാണ് പരിശോധന നടത്തിയത്. ചൊവ്വാഴ്ച മുതൽ മറ്റു ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ രക്തസാമ്പിളുകളും പരിശോധിച്ചു തുടങ്ങും. ഒരു ഷിഫ്റ്റിൽ 40 പേരുടെ രക്തസാമ്പിൾ പരിശോധിക്കാനുള്ള സൗകര്യമുണ്ട്. ഒരു ദിവസം രണ്ട് ഷിഫ്റ്റ് വരെ ചെയ്യാൻ കഴിയും. ആറ് മണിക്കൂറിനകം പരിശോധനാ ഫലവും ലഭ്യമാകും. പരിശോധനയിൽ വൈറസ് ഉണ്ടെന്ന് തെളിഞ്ഞാൽ രോഗിയുടെ രക്തസാമ്പിൾ പൂനെയിലെ വൈറോളജി ലാബിലും പരിശോധനയ്ക്ക് വിധേയമാക്കും. പരിശോധനയ്ക്ക് ആവശ്യമായ റീഏജന്റ് കിറ്റുകൾ ആവശ്യത്തിന് എത്തിയിട്ടുണ്ട്. കോവിഡ് പരിശോധന കൂടി തുടങ്ങിയതോടെ വൈറോളജി ലാബിൽ കൂടുതൽ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. കൊറോണ ലക്ഷണങ്ങളോടെ മെഡിക്കൽ കാേളേജിൽ നിരീക്ഷണത്തിലുളള നാല് പേരുടെ സാമ്പിളുകൾ ആദ്യദിനത്തിൽ പരിശോധിച്ചു.

2.939 കോടിയുടെ കേന്ദ്രഫണ്ട് ഉപയോഗിച്ചാണ് ലാബ് തുടങ്ങിയത്. മെഡിക്കൽ കോളേജിൽ മൈക്രോബയോളജി വിഭാഗത്തിന്റെ കീഴിൽ സെൻട്രൽ ലാബിനോടു സമീപമാണ് ലാബ് സജ്ജീകരിച്ചിരിക്കുന്നത്. മാർച്ച് 10ന് പ്രാഥമിക പരിശോധനയ്ക്കുള്ള അനുവാദം ലഭിക്കുകയും 12ന് ആദ്യ പരിശോധനാ ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് പൂർത്തീകരിക്കുകയും ചെയ്തു. 13നാണ് അന്തിമ അംഗീകാരം ലഭിച്ചത്. 50 കൊറോണ സാമ്പിൾ ടെസ്റ്റുകൾ നടത്താൻ കഴിയും. എച്ച് 1 എൻ 1, ഹെപ്പറ്റൈറ്റിസ് വൈറസുകൾ, മസ്തിഷ്‌കജ്വരമുണ്ടാക്കുന്ന വൈറസുകൾ മുതലായവ മൂലമുള്ള രോഗങ്ങൾ കണ്ടെത്താനും ഈ ലാബിൽ കഴിയും. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകൾക്കു പുറമേയാണ് തൃശൂർ മെഡിക്കൽ കോളേജിലും ലാബ് സജ്ജമായത്.

പ്രിൻസിപ്പൽ ഡോ. എം.എ. ആൻഡ്രൂസ്, ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ബിജു കൃഷ്ണൻ, ആർ.എം.ഒ: ഡോ. സി.പി. മുരളി, മൈക്രോബയോളജി വിഭാഗം മേധാവി ഡോ. ബീന പോൾ തുടങ്ങിയവർ ലാബിലെത്തി പരിശോധന നടപടികൾ വിലയിരുത്തി.