മാള: കോവിഡ് 19 പ്രതിരോധിക്കാനുള്ള മാസ്കിന് തീ വില, സാനിറ്റൈസറിന് കടുത്ത ക്ഷാമം. കൊറോണ വൈറസ് പശ്ചാത്തലത്തിലാണ് മാസ്കിന് വൻ വിലവർദ്ധനവ് ഉണ്ടായിട്ടുള്ളത്. അതുപോലെ ആവശ്യക്കാർ കുറവായിരുന്ന സാനിറ്റൈസർ ഇപ്പോൾ കിട്ടാനില്ല. വില കൂടുതലാണെങ്കിലും ആവശ്യക്കാർ ഏറെയുണ്ടായതാണ് ക്ഷാമം നേരിടാൻ ഇടയാക്കിയത്.
മാസ്ക്കിന് നാലും അഞ്ചും രൂപയുണ്ടായിരുന്നത് ഇപ്പോൾ 30 രൂപയിലധികം ഈടാക്കുന്നുണ്ട്. മാസ്ക്കിന്റെ ഗുണനിലവാരം അനുസരിച്ചാണ് വില കൂടുന്നത്. മികച്ച നിലവാരമുള്ള എൻ 95 മാസ്ക്കിന് 95 രൂപയുണ്ടായിരുന്നത് 150 വരെയെത്തി.മാസ്ക്കിന് ക്ഷാമം നേരിടുന്നതും വില വർദ്ധനവും കാരണം തൂവാലകളെയാണ് ആശ്രയിക്കുന്നത്. അസുഖം ഇല്ലാത്തവരും വ്യാപകമായി മാസ്ക് ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് വില വർദ്ധനവും ക്ഷാമവും ഉണ്ടായത്.
തെറ്റായ പ്രചരണത്തിന്റെ പേരിലാണ് എല്ലാവരും മാസ്ക് ഉപയോഗിക്കുന്നത്. വീടിനകത്ത് കഴിയുന്നവർ വരെ മാസ്ക് ഉപയോഗിക്കുന്ന അവസ്ഥയിലാണ്. അസുഖം ഉള്ളവർ മാസ്ക് ധരിച്ചാൽ മതിയെന്ന് നിർദ്ദേശം ഉണ്ടായിട്ടും എല്ലാവരും ഉപയോഗിക്കുകയാണ്. ജനങ്ങൾ നിത്യജീവിതത്തിന്റെ അനിവാര്യമായ ഭാഗമാക്കി മാസ്ക് മാറ്റിയിരിക്കുകയാണ്.