emergency-respose-team
കോവിഡ് 19 വൈറസിനെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ഇ.ടി. ടൈസൺമാസ്റ്റർ എം.എൽ.എയുടെ നേതൃത്വത്തിൽ കയ്പമംഗലം മണ്ഡലത്തിലെ എമർജൻസി റെസ്‌പോൺസ് ടീം.

കയ്പമംഗലം: കോവിഡ് 19 വൈറസിനെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി കയ്പമംഗലം മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും എമർജൻസി റെസ്‌പോൺസ് ടീമിനെ നിയമിക്കുന്നു. അതത് പ്രസിഡന്റുമാർ ചെയർമാനായും ആശാവർക്കർമാരുടെ സി.ഡി.പി.ഒ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, ഡോക്ടർമാർ തുടങ്ങി ബന്ധപ്പെട്ട ആളുകൾ എന്നിങ്ങനെ നാലോ അഞ്ചോ പേരടങ്ങുന്ന ഒരു ടീമിനെയാണ് രൂപീകരിക്കുകയെന്ന് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ പറഞ്ഞു.

എടത്തിരുത്തി പഞ്ചായത്തിൽ ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. ഡോർ ടു ഡോർ കാമ്പയിനുകൾ രണ്ട് ദിവസങ്ങളിലായി നടക്കും. എല്ലാ വാർഡുകളിലും ഓരോ വാർഡ് മെമ്പർമാർ ചെയർമാനായുള്ള വാർഡ് തല കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രവർത്തനം വ്യാപിപ്പിക്കും. വയോജനങ്ങൾക്ക് പ്രാദേശിക പാലിയേറ്റീവ് കെയർ എന്ന സംവിധാനത്തിലൂടെ പ്രത്യേക ബോധവത്കരണവും നടപ്പാക്കും. കുടുംബശ്രീ, പൊലീസ് എന്നിവരുടെ സഹകരണത്തോടെ അന്യസംസ്ഥാന തൊഴിലാളികളെ ബോധവത്കരിക്കും. പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും ബ്രേക്ക് ദ ചെയിൻ കാമ്പയിന് തുടക്കമിട്ടുകഴിഞ്ഞു.
മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും അടിയന്തര യോഗം ചേർന്ന് പ്രവർത്തനം ഊർജ്ജിതമാക്കാനുള്ള നടപടികൾ വിലയിരുത്തി. എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മെഡിക്കൽ ഓഫിസർ ഡോ. നിധീഷ് കോലാന്ത്ര, ഹെൽത്ത് ഇൻസ്‌പെക്ടർ ഉണ്ണിക്കൃഷ്ണൻ, വിവിധ ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.