ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിന് യാതൊരു നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടില്ലെന്ന് ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ്. കൊറോണ ഭീതിയെ തുടർന്ന് ഗുരുവായൂർ ക്ഷേത്രദർശനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായും ക്ഷേത്രം അടച്ചിട്ടതായും വ്യാജ വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വിശദീകരണം.
ഗുരുവായൂർ ക്ഷേത്രോത്സവത്തിന് ആളുകൾ തടിച്ചുകൂടിയ സാഹചര്യത്തിൽ ഉത്സവത്തിന്റെ ഭാഗമായ പള്ളിവേട്ട, ആറാട്ട് ചടങ്ങുകൾക്കു മാത്രമാണ് നിയന്ത്രണം ഉണ്ടായിരുന്നത്. ഉത്സവം അവസാനിച്ചതോടെ ആ നിയന്ത്രണങ്ങൾ ഇല്ലാതായെന്നും അദ്ദേഹം അറിയിച്ചു. ക്ഷേത്രോത്സവം കഴിഞ്ഞതോടെ ക്ഷേത്രത്തിൽ ഭക്തജന സാന്നിദ്ധ്യം കുറവാണ്. വരും ദിവസങ്ങളിലും ഭക്തർ കുറവായാൽ ഉച്ചപൂജ കഴിഞ്ഞ് നട അടയ്ക്കുന്നത് 1.30 ന് പകരം ഉച്ചയ്ക്ക് ഒന്നിനാക്കും.
തുടർന്ന് പതിവുപോലെ വൈകിട്ട് 4.30ന് നട തുറന്നാൽ സാധാരണപോലെ തൃപ്പുകയ്ക്കുശേഷം നട അടയ്ക്കുന്നതും തുടർന്ന് ക്യഷ്ണനാട്ടം കളിയുള്ള ദിവസങ്ങളിൽ കളി നടക്കുന്നതുമാണ്. മേൽപ്പത്തൂർ ഓഡിറ്റോറിയം ഈ മാസം 31 വരെ ബുക്ക് ചെയ്തിട്ടുള്ളവർക്ക് 31ന് ശേഷം പകരം തീയതി അനുവദിക്കുകയോ, തുക തിരിച്ച് നൽകുകയോ ചെയ്യും. കൊറോണ ഭീതിയെ തുടർന്ന് നിലനിൽക്കുന്ന സാഹചര്യം മാറിയാൽ ഈ മാസം 31ന് ശേഷം ഇപ്പോൾ നിറുത്തിവച്ചിട്ടുള്ള പ്രഭാത ഭക്ഷണമടക്കമുള്ള പ്രസാദ ഊട്ട് പുനരാരംഭിക്കും.
ക്ഷേത്രം തന്ത്രിക്ക് പുല വന്നതുമൂലം നീട്ടിവച്ച മേൽശാന്തി ഇന്റർവ്യൂ 23ന് രാവിലെ 8.30 ന് ദേവസ്വം ഓഫീസിൽ വച്ച് നടത്തും. തുടർന്ന് ഉച്ചപൂജ കഴിഞ്ഞ് നടതുറക്കുന്ന സമയത്ത് നാലമ്പലത്തിനകത്തെ നമസ്‌കാര മണ്ഡപത്തിൽ വച്ച് നറുക്കെടുപ്പിലൂടെ മേൽശാന്തിയെ തെരഞ്ഞെടുക്കുന്നതുമാണെന്നും ദേവസ്വം ചെയർമാൻ അറിയിച്ചു.