travelar
തുമ്പൂർമുഴിയിലെ നിരീക്ഷണ കാമറയിൽ പതിഞ്ഞ ബ്രീട്ടീഷ് സംഘത്തിന‌്റെ യാത്ര

ചാലക്കുടി: കോവിഡ് 19 സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരനും സംഘവും മാർച്ച് എട്ടിന് അതിരപ്പിള്ളിയിലും വാഴച്ചാലും മാത്രമാണ് സഞ്ചരിച്ചതെന്ന് വ്യക്തമായി. മലക്കപ്പാറയിലേക്ക് പോകാതെ വാഴച്ചാലിൽ നിന്നും സംഘം പരിയാരം വഴി മടങ്ങുകയായിരുന്നു. അതിരപ്പിള്ളിയിൽ ഏറെ നേരം ചെലവഴിച്ച ഇവർ പോക്കുവരവിനിടെ തുമ്പൂർമുഴി ഗാർഡനിൽ എത്തിയില്ലെന്നും വ്യക്തമായി. ഇവർ സഞ്ചരിച്ചിരുന്ന ട്രാവലർ രാവിലെ 11.41ന് തുമ്പൂർമുഴി റോഡിലൂടെയാണ് അതിരപ്പിള്ളിയിലേക്ക് കടന്നുപോയത്.

കവാടത്തിലെ ഡി.എം.സിയുടെ നിരീക്ഷണ കാമറയിൽ യാത്ര പതിഞ്ഞിട്ടുണ്ട്. തുടർന്ന് എട്ട് കിലോ മീറ്റർ അകലെയുള്ള പിള്ളപ്പാറയിലെ കാമറയിലും 11.5ന്‌ സഞ്ചരിക്കുന്ന വാഹനത്തെ കാണാനായി. അതിരപ്പിള്ളിയിൽ കൂടുതൽ സമയം സംഘം ചെലവഴിച്ചന്ന വിവരമാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് അറിയാൻ കഴിഞ്ഞത്. ഇതേത്തുടർന്ന് ഇവിടെ വ്യാപകമായി പരിശോധന നടന്നുവരികയാണ്.

വെള്ളച്ചാട്ടത്തിന് മുകളിലും താഴെയും ഇവർ പോയിട്ടുണ്ട്. അതിരപ്പിള്ളിയിലേക്ക് വരുമ്പോൾ രാവിലെ പരിയാരത്തെ ബാർ ഹോട്ടലിൽ നിന്നാണ് സംഘം പ്രാതൽ കഴിച്ചതെന്നും വ്യക്തമായി. ഈ ഹോട്ടൽ കഴിഞ്ഞ ദിവസം പഞ്ചായത്തും ആരോഗ്യ വകുപ്പും അടപ്പിച്ചു. ഇവിടുത്തെ ജീവനക്കാർ ഇപ്പോൾ വീടുകളിൽ നിരീക്ഷണത്തിലാണ്.