ചാലക്കുടി: കൊറോണ വൈറസ് മുൻ കരുതലിന്റെ ഭാഗമായി തുമ്പൂർമുഴി, മലക്കപ്പാറ എന്നിവിടങ്ങിൽ പുതിയ ചെക്ക് പോസ്റ്റുകൾ പ്രവർത്തനം ആരംഭിച്ചു. ടൂറിസം പൊലീസ്, ടി.എം.സി, വനംവകുപ്പ് എന്നീ വിഭാഗങ്ങൾക്ക് സംയുക്തമായാണ് ഇതിന്റെ ചുമതല. വിനോദ സഞ്ചാര മേഖലയുടെ കവാടം എന്ന നിലയിലാണ് തുമ്പൂർ മുഴിയിൽ വാഹനങ്ങൾ പരിശോധിക്കുന്നത്. സംസ്ഥാന അതിർത്തിയുടെ പട്ടികയിൽപ്പെടുന്നതാണ് മലക്കപ്പാറയിലെ കേന്ദ്രത്തിന് ആധാരം. തിങ്കളാഴ്ചയും വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ അതിരപ്പിള്ളിയിലേക്കായി എത്തിയിരുന്നു. തുമ്പൂർമുഴിയിൽ ഉദ്യോഗസ്ഥർ തടയുമ്പോൾ, വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ സന്ദർശന വിലക്ക് അറിഞ്ഞില്ലെന്ന വിചിത്രമായ വിശദീകരണമാണ് ഇവർ നൽകിയത്. എത്തിയ വാഹനങ്ങളെയെല്ലാം തിരിച്ചയച്ചു.