തൃശൂർ: കൊറോണ ബാധയ്‌ക്കെതിരായ പ്രതിരോധ ബോധവത്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുമെന്ന് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ കോൺഫറൻസ് ഹാളിൽ ചേർന്ന പ്രതിദിന അവലോകന യോഗത്തിനു ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭയമല്ല, തീവ്രമായ ജാഗ്രതയാണ് വേണ്ടത്. നിലവിലെ പരിശീലന മോഡലുകൾ പരിഷ്‌കരിച്ച് ബോധവത്കരണ പ്രവർത്തങ്ങൾ താഴെത്തട്ടിലെത്തിക്കും. ആശയക്കുഴമുണ്ടാകാത്ത വിധമാവും ബോധവത്കരണം. അതത് ദിവസത്തെ അനുഭവങ്ങൾ കൂടി കണക്കിലെടുത്താവും പരിപാടികൾക്ക് രൂപം നൽകുക. മാസ്‌കുകൾ ഉൾപ്പെടെയുള്ള ആശുപത്രി ഉപകരണങ്ങൾ ശേഖരിക്കും. വിവിധ ടീമുകളായി പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരുടെ ഇടപെടൽ വിലയിരുത്താൻ മൊബൈൽ ആപ്പിന് രൂപം നൽകുമെന്നും മന്ത്രി രവീന്ദ്രനാഥ് പറഞ്ഞു.
വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞയാൾ വാഹനാപകടത്തിൽ മരിച്ച സാഹചര്യത്തിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ മേലുള്ള നിരീക്ഷണം ശക്തമാകും. ഇവർ വീടു വിട്ടു പുറത്തിറങ്ങാൻ പാടില്ല. അമ്പതു പേരിൽ കൂടുതൽ ഉള്ളവർ ഒത്തുചേരുന്ന സാഹചര്യം ഒഴിവാക്കണം. അല്ലാത്തവർക്കെതിരെ നിയമനടപടിയുണ്ടാകും. എ.ടി.എമ്മുകളിൽ ഹാൻഡ് സാനിറ്റൈസർ നൽകാനുള്ള നടപടി എടുക്കാൻ ബാങ്ക് അധികൃതർക്ക് നിർദ്ദേശം നൽകും മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. യോഗത്തിൽ ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ, കളക്ടർ എസ്. ഷാനവാസ്. സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം.എ. ആൻഡ്രുസ്, ഡി.എം.ഒ: ഡോ. കെ.ജെ. റീന തുടങ്ങിയവർ പങ്കെടുത്തു.