കൊടുങ്ങല്ലൂർ: സംസ്ഥാന സർക്കാരിൻ്റെ നിർദ്ദേശം മറികടന്ന് വികസന സെമിനാർ സംഘടിപ്പിച്ചതിനെതിരെ ബി.ജെ.പിയുടെ പ്രതിഷേധം. എടവിലങ്ങ് പഞ്ചായത്തിൽ ഇന്നലെ നടന്ന വികസന സെമിനാറിനെ ചൊല്ലിയാണ് പ്രതിഷേധം. കോവിഡ് 19 മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ ഔദ്യോഗിക പരിപാടികൾ ഉൾപ്പടെയുള്ളവ മാറ്റിവയ്ക്കണമെന്ന മുഖ്യമന്ത്രിയുടെയും ജില്ലാ ഭരണകൂടത്തിൻ്റെയും, ആരോഗ്യ വിഭാഗത്തിൻ്റെയും നിർദേശങ്ങളുടെ ലംഘനമാണ് ഇവിടെ നടന്നതെന്ന് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കൂടിയായ പഞ്ചായത്തംഗം കെ.കെ ഉണ്ണികൃഷ്ണൻ പറഞ്ഞു. വികസന സെമിനാറിന് എത്തേണ്ടവരെ അറിയിക്കാതെ ഏതാനും ചിലരെ രഹസ്യമായെന്നോണം വിളിച്ചുവരുത്തിയാണിത് സെമിനാർ നടത്തിയതെന്നും ഇതിനെ തങ്ങൾ ചോദ്യം ചെയ്തുവെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. എന്നാൽ ബി.ജെ.പി ആരോപണം വസ്തുതകൾക്ക് നിരക്കാത്തതാണെന്നും പഞ്ചായത്തിന്റെ വികസനപ്രവർത്തനങ്ങൾക്ക് ഇടങ്കോലിടുകയെന്നത് മാത്രമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും പ്രതികരിച്ച പഞ്ചായത്ത് പ്രസിഡൻ്റ് എ.പി ആദർശ്,
പദ്ധതി പ്രവർത്തനങ്ങൾ താറുമാറാകുന്നത് ഒഴിവാക്കാനും നടപടിക്രമങ്ങളുടെ പൂർത്തീകരണത്തിനുമായി പഞ്ചായത്തംഗങ്ങളും ഇംപ്ലിമെൻ്റ് ഓഫീസർമാരും ഒത്തുചേർന്ന് നടത്തിയ ചർച്ചയെ വിവാദമാക്കുന്നത് നിർഭാഗ്യകരമാണെന്നും ചൂണ്ടിക്കാട്ടി.