mask
മാസ്ക് നിർമ്മാണം

മാള: സാനിറ്റൈസറും മാസ്‌കും വിപണിയിലെ കൊള്ളയ്ക്ക് തടയിടാൻ കുടുംബിനികൾ രംഗത്തിറങ്ങി. കൊറോണ വൈറസ് പ്രതിരോധത്തിനായി സാനിറ്റൈസറും മാസ്‌കും നിർമ്മിച്ചാണ് പൊയ്യ പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾ രംഗത്തെത്തിയത്.

പൊയ്യ പഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തിൽ നാല് കുടുംബിനികളാണ് സാനിറ്റൈസർ നിർമ്മാണം തുടങ്ങിയത്. വിപണിയിൽ ലഭിക്കുന്ന സാനിറ്റൈസറിനേക്കാൾ കുറഞ്ഞ വിലയിലാണ് നിർമ്മാണം. സി.ഡി.എസ് ചെയർപേഴ്‌സൺ ഗിരിജ വാമനന്റെ നേതൃത്വത്തിൽ ബിന്ദു സുബ്രൻ, വത്സല രാമകൃഷ്ണൻ, ഉഷ നന്ദകുമാർ, ബിൽജി ബെന്നി എന്നിവരാണ് ആരോഗ്യ വകുപ്പിന് കീഴിൽ സാനിറ്റൈസർ നിർമ്മാണം പരിശീലിച്ചത്. ഒരു മണിക്കൂറായിരുന്നു പരിശീലനം.

ആരോഗ്യ ജാഗ്രത 2020 സമഗ്ര പകർച്ച വ്യാധി നിയന്ത്രണ പ്രതിരോധ പദ്ധതിയിലാണ് ഇത്തരത്തിൽ സാനിറ്റൈസർ നിർമ്മാണം തുടങ്ങിയത്. വിപണിയിൽ ഒരു ലിറ്റർ സാനിറ്റൈസർ വാങ്ങുന്നതിന് 1,200 രൂപ മുതൽ 1,280 വരെ നൽകേണ്ടി വരുന്നുണ്ട്. എന്നാൽ ഇവർ നിർമ്മിക്കുന്ന സാനിറ്റൈസറിന് 380 മുതൽ 400 രൂപ വരെയാണ് പരമാവധി ചെലവ്. ഐസൊപ്രൊപ്പലിൻ ആൽക്കഹോൾ, ഗ്ലിസറിൻ, അലുവിറ ജെൽ, ആൽമണ്ട് ഓയിൽ എന്നിവയാണ് സാനിറ്റൈസർ നിർമ്മാണത്തിന്റെ ചേരുവകൾ. 70 മുതൽ 90 ശതമാനം വരെ ഐസൊപ്രൊപ്പലിൻ ആൽക്കഹോളാണ് ഉപയോഗിക്കുന്നത്.

കൂളിമുട്ടം കുടുംബാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് നഴ്‌സ് ഷെറിൻ പി. ബഷീറാണ് ഇവർക്ക് പരിശീലനം നൽകിയത്. കുടുംബശ്രീയിലെ ഒരു കൂട്ടം കുടുംബിനികൾ ചേർന്നാണ് പരിസ്ഥിതി സൗഹൃദ മാസ്‌ക് നിർമ്മിക്കുന്നത്. കോട്ടൺ തുണി ഉപയോഗിച്ചുള്ള ഈ മാസ്‌ക് അണുനാശിനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കി ഇസ്തിരിയിട്ടാൽ മതിയാകും. വിപണിയിൽ ഇപ്പോൾ മാസ്‌കിന് 30 രൂപയാണ് ശരാശരി വില. ഇവർ നിർമ്മിക്കുന്ന പരിസ്ഥിതി സൗഹൃദ മാസ്‌കിന് 4.50 മുതൽ 5 രൂപ വരെ ചെലവേ വരുന്നുള്ളൂ. ഒരു ദിവസം ഒരാൾക്ക് 500 മാസ്‌ക് വരെ നിർമ്മിക്കാൻ കഴിയുന്നുണ്ട്. പൊയ്യ പഞ്ചായത്തിൽ എട്ട് പേരാണ് വാർഡ് മെമ്പർ സരോജ വേണു ശങ്കറിന്റെ നേതൃത്വത്തിൽ മാസ്‌ക് നിർമ്മിക്കുന്നത്.

............


'കൊറോണ വൈറസ് വ്യാപകമായതോടെ മാസ്‌കിന് തീ വിലയായതും സാനിറ്റൈസർ കടുത്ത ക്ഷാമത്തിലുമായതാണ് വേറിട്ട പദ്ധതി ആവിഷ്‌കരിക്കാൻ പ്രേരിപ്പിച്ചത്. പഞ്ചായത്തിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് സൗജന്യമായി വിതരണം ചെയ്യാനാണ് ഇപ്പോൾ നിർമ്മിക്കുന്നത്. അടുത്ത ഘട്ടത്തിൽ ഇതൊരു സ്ഥിരം യൂണിറ്റായി മാറ്റും'.

സിജി വിനോദ്
പൊയ്യ പഞ്ചായത്ത് പ്രസിഡന്റ്
പി.കെ.സുജൻ
സെക്രട്ടറി