തൃശൂർ: കൊറോണ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വാർഡ് തലത്തിൽ ശുചിത്വ ബോധവത്കരണത്തിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കാൻ ജില്ലാ കളക്ടർ എസ്. ഷാനവാസ് നിർദ്ദേശിച്ചു. കോവിഡ് 19 രോഗത്തെ സംബന്ധിച്ചും രോഗ പ്രതിരോധ പ്രവർത്തനങ്ങളെ സംബന്ധിച്ചും മറ്റുമുള്ള ബോധവത്കരണത്തിനായുള്ള ലഘുലേഖകൾ വിതരണം ചെയ്യണം.
പ്രായാധിക്യം മൂലം അവശതയനുഭവിക്കുന്നവർ, മാനസിക വെല്ലുവിളി നേരിടുന്നവർ എന്നിങ്ങനെ നിർദ്ദേശങ്ങൾ പാലിക്കാൻ പ്രാപ്തരല്ലാത്ത വ്യക്തികളെ പ്രത്യേകം നിരീക്ഷിക്കാനും അവർക്കാവശ്യമായ മരുന്ന്, ഭക്ഷണം മുതലായ കാര്യങ്ങൾ ആവശ്യമെങ്കിൽ എത്തിച്ചു കൊടുക്കുന്നതിനുമുള്ള നടപടികളും സ്വീകരിക്കണം.
അതത് പഞ്ചായത്ത് തലത്തിൽ അധിവസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളിൽ ഭാഷാപരമായി ആശയവിനിമയം പരിമിതമായിട്ടുളള സാഹചര്യത്തിൽ ഭാഷാ പരിജ്ഞാനം ഉള്ളവരെ കൂടി ഉൾപ്പെടുത്തി ബോധവത്കരണം നടത്തണം. ഇടവേളകളിൽ സ്വദേശത്തു പോയി മടങ്ങിവരുന്നവരുടെ ആരോഗ്യസ്ഥിതി സമഗ്രമായ പരിശോധനയ്ക്ക് വിധേയമാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തലങ്ങളിൽ റിലീജ്യസ് കമ്മിറ്റികൾ രൂപീകരിച്ച് ഉത്സവങ്ങൾ ആചാരങ്ങളായി പരിമിതപ്പെടുത്തി നടത്തുന്നതിനായുള്ള നടപടികൾ സ്വീകരിക്കണം. ഇതിലേക്കായി അതത് തദ്ദേശ സ്വയംഭരണ പരിധിയിൽ വരാനിരിക്കുന്ന ഉത്സവങ്ങൾ സംബന്ധിച്ച് കലണ്ടർ തയ്യാറാക്കി ആയതിന്റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സെക്രട്ടറിമാർ ശ്രദ്ധ ചെലുത്തേണ്ടതാണെന്ന് അറിയിച്ചു.
സാനിറ്റൈസർ കിയോസ്‌ക് സ്ഥാപിച്ചു
ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇൻഫർമേഷൻ സെന്ററിൽ സാനിറ്റൈസർ കിയോസ്‌ക് സ്ഥാപിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ബി. സേതുരാജിൽ നിന്നും സാനിറ്റൈസർ സ്വീകരിച്ച് ജില്ലാ കളക്ടർ എസ്. ഷാനവാസ് കിയോസ്‌ക് ഉദ്ഘാടനം ചെയ്തു. കൈകഴുകി കോവിഡിനെ പ്രതിരോധിക്കുക എന്ന സന്ദേശം നൽകുന്ന പോസ്റ്ററുകൾ ഇൻഫർമേഷൻ സെന്ററിൽ വിവിധയിടങ്ങളിൽ പതിപ്പിച്ചു. പരിപാടിയിൽ അസിസ്റ്റന്റ് എഡിറ്റർ പി.പി വിനീഷ്, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ ആർ. ബിജു എന്നിവർ പങ്കെടുത്തു.