സർക്കാർ നിർദ്ദേശം ലംഘിച്ചെന്ന്

തൃശൂർ: അമ്പത് പേരിൽ കൂടുതൽ പേർ പങ്കെടുക്കുന്ന യോഗം പാടില്ലെന്ന നിർദ്ദേശം ലംഘിച്ച് നടത്തിയ കുടുംബശ്രീ സരസ് മേള ആലോചനാ യോഗം യൂത്ത് കോൺഗ്രസ് പ്രവർത്തകരെത്തി തടഞ്ഞു. ഇരുന്നൂറോളം വരുന്ന ജില്ലയിലെ കുടുംബശ്രീ അംഗങ്ങളെ വിളിച്ചു ചേർത്തായിരുന്നു യോഗം.

ജില്ലാ മിഷനാണ് യോഗം വിളിച്ചു ചേർത്തതെന്ന് അംഗങ്ങൾ പറയുന്നു. എന്നാൽ ജില്ലാ മിഷൻ കോ ഓർഡിനേറ്ററോ ചുമതലപ്പെട്ടവരോ യോഗത്തിൽ എത്തിയിരുന്നില്ല. യൂത്ത് കോൺഗ്രസ് പ്രവർത്തകരെത്തി യോഗം തടഞ്ഞതോടെ യോഗം പിന്നീട് നടത്താമെന്ന് അറിയിച്ച് അംഗങ്ങളെ മടക്കി അയച്ചു.

കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ സമ്മേളനങ്ങൾക്കും പൊതുയോഗങ്ങൾക്കും പരിപാടികൾക്കും സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കെ ഇത് മറി കടന്ന് യോഗം സംഘടിപ്പിച്ചെന്ന് ആരോപിച്ചാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുബിന്റെയും കെ.എസ്.യു ജില്ലാ പ്രസിഡൻ്റ് മിഥുൻ മോഹന്റെയും നേതൃത്വത്തിലുള്ള പ്രവർത്തകർ തടഞ്ഞത്. കുടുംബശ്രീയുടെ നേതൃത്വത്തിൽ മുള്ളൂർക്കരയിൽ സരസ് മേള നടത്തുന്നതിനെ കുറിച്ചുള്ള ആലോചനായോഗമാണ് തൃശൂർ പടിഞ്ഞാറെക്കോട്ട പി.വി ആർക്കേഡ് ബിൽഡിംഗിൽ നടത്തിയത്. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജെറോം ജോൺ, കെ.എസ്.യു ജില്ലാ സെക്രട്ടറി വി.എസ് ഡേവിഡ്, വിഷ്ണു ചന്ദ്രൻ, ഗണേഷ് ആറ്റൂർ, ഘനശ്യാം കുന്നംകുളം എന്നിവരും പങ്കെടുത്തു...