തൃശൂർ : ജില്ലയിൽ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആശ്വാസം പകർന്ന് പരിശോധനാ ഫലങ്ങൾ. 2681 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 2643 പേർ വീടുകളിലും 38 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളതെന്ന് ചീഫ് വിപ്പ് കെ. രാജൻ, ജില്ലാ കളക്ടർ എസ്. ഷാനവാസ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇന്നലെ 14 പേരെ ഡിസ്ചാർജ്ജ് ചെയ്തു. ജില്ലയിൽ രോഗം സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണ്. ഇന്നലെ 12 പേരുടെ സാമ്പിളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതു വരെ ആകെ 306 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അഞ്ച് സാമ്പിളുകളുടെ പരിശോധനാ ഫലം വന്നത് നെഗറ്റീവാണ്. ഇതുവരെ 276 സാമ്പിളുകളുടെ ഫലം ലഭിച്ചു.
150 പേരെ തിരിച്ചറിഞ്ഞു
കുട്ടനെല്ലൂർ പൂരത്തിൽ പങ്കെടുത്ത കോവിഡ് സ്ഥിരീകരിച്ച വിദേശിയുമായി ഇടപഴകിയ 150 തിരിച്ചറിഞ്ഞു. ഇതിൽ 60 പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ കൂടുതൽ പേരെ കണ്ടെത്താൻ കഴിയുമെന്ന് ഡി.എം.ഒ കെ.ജെ റീന പറഞ്ഞു.
28 പേർ അറസ്റ്റിൽ
കോവിഡ് 19 രോഗവുമായി ബന്ധപ്പെട്ട വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിന് ജില്ലയിൽ 13 കേസുകളിലായി ഇതുവരെ 28 പേരെ അറസ്റ്റ് ചെയ്തു. അടുത്ത ദിവസങ്ങളിൽ വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും.
ബോധവത്കരണം ഊർജ്ജിതം
വിദേശത്തു നിന്നു വരുന്നവർ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലോ ജില്ലാ കൺട്രോൾ സെല്ലിലോ വിവരം അറിയിക്കാത്ത പക്ഷം നിയമനടപടികൾക്ക് വിധേയമാവുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ബോധവത്കരണ പ്രവർത്തനം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി കൂടുതൽ വളണ്ടിയർമാരെ ഉൾപ്പെടുത്തി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകൾ, പ്രൈവറ്റ് ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ ലഘുലേഖകൾ വിതരണം ചെയ്യുന്നുണ്ട്. ആശുപത്രികൾക്കു പുറമേ ഓഡിറ്റോറിയങ്ങൾ, ഹോസ്റ്റലുകൾ എന്നിവിടങ്ങളിൽ നിരീക്ഷണ സൗകര്യമൊരുക്കുന്നതിന് നടപടി സ്വീകരിക്കുന്നുണ്ട്.