ചേലക്കര: കിള്ളിമംഗലം പാലത്തിനു സമീപമുള്ള തോട്ടിൽ പശുക്കുട്ടിയെ ചത്തുപൊങ്ങിയ നിലയിൽ കണ്ടെത്തി. കൃഷിക്കും കുളിക്കുന്നതിനും ഉപയോഗിക്കുന്ന തോട്ടിലെ വെള്ളത്തിൽ സാമൂഹിക വിരുദ്ധരാവാം ചത്ത പശുകുട്ടിയെ കൊണ്ടുവന്നിട്ടതെന്ന് നാട്ടുകാർ ആരോപിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലാണ് കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ തോട് വൃത്തിയാക്കി വെള്ളം കെട്ടി നിറുത്തിയത്. സാമൂഹിക വിരുദ്ധരുടെ ശല്യം ഈ പ്രദേശത്ത് കൂടിവരികയാണെന്നും തോടിന്റെ സമീപത്ത് മാലിന്യങ്ങൾ കൊണ്ടുവന്നിടുന്നത് കൂടുകയാണെന്നും നാട്ടുകാർ പറയുന്നു.
പാഞ്ഞാൾ പഞ്ചായത്ത് മെമ്പർ സി. ഉണ്ണിക്കൃഷ്ണൻ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. വാസുദേവൻ, പാഞ്ഞാൾ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീജിത്ത് അംബ്രകാട്ട്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കെ. ബിനോയ് തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ചത്ത പശുകുട്ടിയെയും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.
കഴിഞ്ഞ ദിവസം കിള്ളിമംഗലം പാലത്തിനു സമീപം സാമൂഹിക വിരുദ്ധർ സെപ്റ്റിക് മാലിന്യം കൊണ്ടുവന്ന് തള്ളിയ സാഹചര്യത്തിൽ ഈ പ്രദേശങ്ങളിൽ സി.സി.ടി.വി കാമറ സ്ഥാപിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.