kda-korona
കൊടക പഞ്ചായത്ത് തല അവലോകന യോഗത്തിൽ ബി.ഡി. ദേവസി എം.എൽ.എ സംസാരിക്കുന്നു

കൊടകര: കോവിഡ് 19ന്റെ വ്യാപനം തടയലിന്റെ രണ്ട് ഘട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കിയെന്ന് കൊടകര പഞ്ചായത്ത് തല അവലോകന യോഗം വിലയിരുത്തി. നിയന്ത്രണം കർശ്ശനമാക്കുന്നതിന്റെ ഭാഗമായി ബി.ഡി. ദേവസ്സി എം.എൽ.എയുടെ നേതൃത്വത്തിലാണ് യോഗം നടത്തിയത്. പൊതു സ്ഥലങ്ങളിൽ ബ്രേക്ക് ദ ചെയിൻ പദ്ധതിയുടെ ഭാഗമായി കൈ കഴുകൽ പരിപാടികൾ സംഘടിപ്പിക്കാനും സർക്കാർ സ്ഥാപനങ്ങളിലും ബാങ്ക് എ.ടി.എം പോലുള്ള സ്ഥലങ്ങളിലും ഹാന്റ് സാനിറ്റൈസർ സ്ഥാപിക്കണമെന്നും യോഗം നിർദ്ദേശിച്ചു.

നിലവിൽ പഞ്ചായത്തിലെ 49 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളത്. ഇതിനകം 12 പേർ നിരീക്ഷണ സമയം പൂർത്തിയാക്കിയിട്ടും രോഗലക്ഷണങ്ങൾ കണ്ടെത്തുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല. എന്നിരുന്നാലും ജാഗ്രത തുടരണം. ബാധിത പ്രദേശത്ത് നിന്ന് എത്തുന്നവർ നിർബന്ധമായും 14 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം. പഞ്ചായത്ത് അതിർത്തിയിലെ മൂന്നു പേരെയാണ് ഇൻസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരുന്നത്. ഇവരുടെ പരിശോധനഫലം നെഗറ്റീവ് ആയതിനാൽ ഇവരെ ഡിസ്ചാർജ് ചെയ്തു. പഞ്ചായത്ത് ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥർ, വ്യാപാര പ്രതിനിധികൾ, സ്വകാര്യ ആശുപത്രി പ്രതിനിധികൾ, രാഷട്രീയ പാർട്ടി പ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ, ആശ പ്രവർത്തകർ, അംഗൻവാടി, കുടുംബശ്രീ എന്നിവരുടെ പ്രതിനിധികളും പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. പ്രസാദൻ അദ്ധ്യക്ഷനായി. ഹെൽത്ത് ഇൻസ്‌പെക്ടർ ഹാരിസ് പറച്ചിക്കോടൻ ബോധവത്കരണം നടത്തി. ഇ.എൽ. പാപ്പച്ചൻ, കെ.എസ്. സുധ, ജോയ് നെല്ലിശ്ശേരി, വിലാസിനി ശശി, ജി.സബിത, എന്നിവർ സംസാരിച്ചു.