ഗുരുവായൂർ: ക്ഷേത്രത്തിൽ പ്രസാദഊട്ട് നിറുത്തലാക്കിയ സാഹചര്യത്തിൽ ആഹാരം ലഭിക്കാതെ വലയുന്ന ഭിക്ഷാടകർ, മാനസികാസ്വാസ്ഥ്യമുള്ളവർ, മറ്റു വയോധികർ എന്നിവരെ ക്ഷേത്രപരിസരത്തു നിന്നും മാറ്റി പുനരധിവാസം നൽകാൻ ദേവസ്വം ഓഫീസിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. നഗരസഭയുടെ അഗതിമന്ദിരത്തിലും ദേവസ്വത്തിന്റെ കുറൂരമ്മ ഭവനത്തിലുമായി പുനരധിവസിപ്പിക്കും. ക്ഷേത്രപരിസരത്ത് അലയുന്നവരുടെ ബന്ധുക്കളെ ബന്ധപ്പെട്ട് താത്പര്യമുള്ളവരെ സ്വന്തം വീട്ടിലേയ്ക്ക് തിരിച്ചയക്കും. ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ഗുരുവായൂർ ദേവസ്വം കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ദേവസ്വം ചെയർമാൻ കെ.ബി മോഹൻദാസ്, ഡെപ്യുട്ടി കളക്ടർ എം.ബി ഗിരീഷ്, ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ്.വി. ശിശിർ, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി. ശങ്കുണ്ണിരാജ്, ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ എം. രതി, വൈസ് ചെയർമാൻ അഭിലാഷ് വി. ചന്ദ്രൻ, ഗുരുവായൂർ ദേവസ്വം മെഡിക്കൽ സൂപ്രണ്ട് ഡോ: എം.വി. മധു, ചാവക്കാട് തഹസിൽദാർ സി.എസ്. രാജേഷ്, ഗുരുവായൂർ ടെമ്പിൾ സി.ഐ: സി. പ്രേമാനന്ദകൃഷ്ണൻ, വനിത ശിശുവികസന പദ്ധതി ഓഫീസർ ശുഭ നാരായണൻ, എം.ജി.ഓ: ബിൻസി ചാക്കോ, ഐ.സി.ഡി.എസ് സൂപർവൈസർ കെ.കെ. സബിത തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.