കൊടുങ്ങല്ലൂർ: സ്കൂളുകളിൽ ഉച്ച ഭക്ഷണം തയ്യാറാക്കുന്നതിന് കരുതി വെച്ച അരി തുല്യമായി വിദ്യാർത്ഥികൾക്ക് വീതിച്ചു നൽകുവാൻ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. ഉച്ച ഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട ഒന്നു മുതൽ എട്ടാം ക്ലാസ് വരെയുള്ള രക്ഷിതാക്കൾ മാർച്ച് 31ന് മുമ്പ് സ്കൂളിലെത്തി അരി കൈപ്പറ്റണം. രക്ഷിതാക്കളെ കൂട്ടമായി വിളിച്ചു വരുത്തരുതെന്ന് പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്. കോവിഡ് 19 പടർന്നു പിടിച്ച സാഹചര്യത്തിൽ മാർച്ച് 31 വരെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഇത്തരത്തിൽ അരി വിതരണം ചെയ്യാൻ ഉത്തരവിറക്കിയത്. കൊടുങ്ങല്ലൂർ ഗവൺമെന്റ് ഗേൾസ് എൽ.പി സ്കൂളിലെ പി.ടി.എ പ്രസിഡന്റ് നവാസ് പടുവിങ്ങൽ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എയുടെ ശ്രദ്ധയിൽ ഈ പ്രശ്നം കൊണ്ടുവരികയും എം.എൽ.എ ഇക്കാര്യം സർക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു. ഈ ഉത്തരവിലൂടെ സാധാരണക്കാരായ നിരവധി ആളുകൾക്ക് അരി ലഭിക്കുന്നത് ആശ്വാസകരമാണെന്ന് എം.എൽ.എ പറഞ്ഞു.