കൊടുങ്ങല്ലൂർ: വിദേശത്ത് നിന്ന് വന്നവർ നിർബന്ധമായും ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് വീടുകളിലോ ആശുപത്രികളിലോ നിരീക്ഷണത്തിൽ കഴിയണമെന്ന നിർദ്ദേശം സ്വയം ഉൾക്കൊണ്ട് നഗരസഭാ ചെയർമാൻ കെ.ആർ ജൈത്രൻ വീട്ടിൽ വിശ്രമത്തിലായി. മകനും കുടുംബത്തിനുമൊപ്പം ചേരാൻ ഏതാനും ദിവസം ഗൾഫിൽ കഴിഞ്ഞ ഇദ്ദേഹം മാർച്ച് എട്ടിനാണ് തിരികെയെത്തിയത്. എയർപോർട്ടിൽ പരിശോധനയ്ക്ക് വിധേയനായി അസുഖ ലക്ഷണങ്ങളൊന്നും ഇല്ലെന്ന് ഉറപ്പിച്ച്, അവിടെ സത്യപ്രസ്താവന എഴുതി നൽകി, നാട്ടിലെത്തിയ ശേഷം താലൂക്ക് ആശുപത്രിയിലെത്തിയും വിദഗ്ദ്ധാഭിപ്രായം തേടിയിരുന്നു. പിന്നീട് കൊറോണ വ്യാപനം സംബന്ധിച്ച റിപ്പോർട്ടുകളുയർന്നതോടെ വിദേശത്ത് നിന്ന് വന്നവരെല്ലാവർക്കും നിരീക്ഷണം അനിവാര്യമാണെന്ന സ്ഥിതിയിലെത്തിയത് പരിഗണിച്ചാണ് നിശ്ചിത ദിവസത്തേക്ക് വീട്ടിൽ കഴിഞ്ഞതെന്ന് ചെയർമാൻ പറഞ്ഞു. തനിക്കോ ഗൾഫ് യാത്രയിൽ ഒപ്പമുണ്ടായിരുന്ന ഭാര്യക്കോ, ഇതുവരെ പ്രത്യേകിച്ച് യാതൊരു രോഗ ലക്ഷണവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.