മാള: കോവിഡ് 19 വ്യാപകമാകുന്ന പശ്ചാത്തലത്തിൽ വഴിയാത്രക്കാരെ കൈ കഴുകിച്ച് പൊലീസും പൊതുപ്രവർത്തകരും രംഗത്തെത്തി. മാള പൊലീസ് സ്റ്റേഷൻ, സാമൂഹികാരോഗ്യ കേന്ദ്രം, മാള ടൗൺ എന്നിവിടങ്ങളിലാണ് കൈ വൃത്തിയാക്കാനുള്ള സൗകര്യം ഒരുക്കിയത്. പൊലീസ് സ്റ്റേഷന് മുന്നിൽ ജലസംഭരണിയിൽ നിന്ന് പൈപ്പ് വഴി വെള്ളം നൽകിയാണ് സജ്ജീകരിച്ചത്. കൂടാതെ കൈ വൃത്തിയാക്കാൻ സോപ്പ് ലായനിയും വച്ചിട്ടുണ്ട്.
ജാഗ്രതാ നിർദ്ദേശങ്ങളും കൊറോണ കരുതലോടെ നേരിടാം എന്ന സന്ദേശവും വൈറസ് ബാധയുടെ ലക്ഷണങ്ങളും വിവരിക്കുന്ന ബോധവത്കരണ നോട്ടീസുകൾ പൊലീസ് വിതരണം ചെയ്യുന്നുണ്ട്. ബസ് സ്റ്റാൻഡുകൾ, ആശുപത്രികൾ, മറ്റു പൊതു ഇടങ്ങൾ എന്നിവിടങ്ങളിലാണ് വിതരണം ചെയ്യുന്നത്. സംസ്ഥാന, ജില്ലാ കൺട്രോൾ റൂം നമ്പറുകൾ സഹിതമാണ് നോട്ടീസ് അച്ചടിച്ചിട്ടുള്ളത്. മാള ടൗണിൽ പൊതുപ്രവർത്തകർ ചേർന്ന് ബക്കറ്റുകളിൽ വെള്ളവും സോപ്പ് ലായനിയും ഒരുക്കിയിട്ടുണ്ട്.
മാള എസ്.ഐ എൻ.വി ദാസൻ കൈ കഴുകിയാണ് മാള ടൗണിൽ ഉദ്‌ഘാടനം നിർവഹിച്ചത്. ഉദ്‌ഘാടന ശേഷം എസ്.ഐ നോട്ടീസുകൾ വിതരണം ചെയ്തു. പൊതുപ്രവർത്തകരായ ജോഷി പെരേപ്പാടൻ, വിനോദ് വിതയത്തിൽ, സോയി കോലഞ്ചേരി, ദിലീപ് പരമേശ്വരൻ, സലാം ചൊവ്വര തുടങ്ങിയവർ നേതൃത്വം നൽകി. ആരോഗ്യവകുപ്പ് അധികൃതരും ജനപ്രതിനിധികളും പൊതുപ്രവർത്തകരും അടക്കമുള്ള നിരവധി പേരും ബോധവത്കരണവുമായി രംഗത്തുണ്ട്..