തൃശൂർ: കൊടുങ്ങല്ലൂർ ഭരണി ഉത്സവത്തിൽ ജനക്കൂട്ടം ഉണ്ടാകുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. വിവിധ മതവിഭാഗങ്ങളുടെ ചടങ്ങുകളിൽ കോവിഡ് 19 പ്രതിരോധത്തിൻ്റെ ഭാഗമായി ആൾക്കൂട്ടം ഒഴിവാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ നടത്തിയ വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊടുങ്ങല്ലൂർ ഭരണി വിവിധ ജില്ലകളിൽ നിന്നായി ആയിരക്കണക്കിന് പേരെത്തുന്ന ഉത്സവമാണ്. ഉത്സവത്തിന് പോകാനൊരുങ്ങുന്നവരെ അതത് ജില്ലകളിലെ കളക്ടർമാർ ബന്ധപ്പെട്ട് നിരുത്സാഹപ്പെടുത്തണം. ഉത്സവത്തിന് ആൾക്കൂട്ടം ഒഴിവാക്കുന്നതിനെ കുറിച്ച് കൊടുങ്ങല്ലൂരിൽ ചർച്ച നടത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഹൈന്ദവ - മുസ്ലിം - ക്രിസ്ത്യൻ ആരാധനാലയങ്ങൾ തങ്ങളുടെ ചടങ്ങുകളിൽ ആൾക്കൂട്ടത്തെ ഒഴിവാക്കാൻ നടപടി സ്വീകരിക്കണം. സമൂഹം വലിയ വിപത്ത് നേരിടുമ്പോൾ ചെറിയ വിഷമങ്ങൾ കാര്യമാക്കാതെ എല്ലാവരും വിശാല മനസ്കരാവണം. വൈറസിൻ്റെ സാമൂഹിക വ്യാപനം തടയാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. രോഗ പ്രതിരോധത്തിൻ്റെ കെയർ സെൻ്ററുകൾ ഒരുക്കുന്നതിൻ്റെ ഭാഗമായി കര- വ്യോമ -നാവിക സേനാ വിഭാഗങ്ങളുടെ സ്ഥലസൗകര്യം പ്രയോജനപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ കളക്ടർ എസ്. ഷാനവാസിനൊപ്പം വിവിധ മതസമുദായ വിഭാഗങ്ങളുടെ നേതാക്കൾ തൃശൂർ ജില്ലയിൽ നിന്ന് വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.