തൃശൂർ: കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ കോർപറേഷൻ കൗൺസിലർമാർ തമ്മിൽ കൈയ്യാങ്കളി. ഇന്നലെ കോർപറേഷനിൽ പ്രതിപക്ഷ നേതാവിന്റെ മുറിയിൽ വിളിച്ചു കൂട്ടിയ കോൺഗ്രസ് കൗൺസിലർമാരുടെ പാർലമെന്ററി പാർട്ടി യോഗത്തിലാണ് സംഭവം. പരിക്കേറ്റ കൗൺസിലർ ലാലി ജെയിംസിനെ ജനറൽ ആശുപത്രിയിലും ടി.ആർ. സന്തോഷിനെ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. യോഗത്തിനിടയിലുണ്ടായ തർക്കമാണ് തമ്മിൽ തല്ലിൽ കലാശിച്ചത്.

ലാലി ജെയിംസ് സംസാരിക്കുമ്പോൾ അതിനെ എതിർത്ത് ടി.ആർ.സന്തോഷ് സംസാരിച്ചുവത്രേ. തർക്കം രൂക്ഷമായതോടെ അടിയിൽ കലാശിച്ചു. പിന്നീട് ഇരുവരെയും മറ്റു കൗൺസിലർമാർ പിടിച്ചു മാറ്റി. ബഹളം കേട്ട് പ്രതിപക്ഷ നേതാവിന്റെ മുറിയിലേക്ക് കോർപറേഷനിലുള്ളവർ ഓടിക്കൂടി. തനിക്കെതിര മോശം പരാമർശം നടത്തി ആക്രമിക്കുകയായിരുന്നുവെന്ന് ലാലി ജെയിംസ് പറഞ്ഞു. തന്നെയാണ് ആക്രമിച്ചതെന്ന് ടി.ആർ. സന്തോഷും പറഞ്ഞു. പ്രതിപക്ഷ നേതാവ് രാജൻ പല്ലനും മറ്റു കൗൺസിലർമാരും പ്രശ്‌നം കൂടുതൽ രൂക്ഷമാകാതിരിക്കാൻ യോഗം അവസാനിപ്പിച്ചു.
യോഗത്തിൽ തുടക്കത്തിൽ ലാലി ജെയിംസും വത്സല ബാബുരാജും തമ്മിലും തർക്കമുണ്ടായിരുന്നു. ഇതിനെ തുടർന്ന് തർക്കത്തിന് പരിഹാരമായി ഇരുവരുടെയും ഇരിപ്പിടങ്ങൾ മാറ്റാനും തീരുമാനിച്ചു. ഇതിനു ശേഷമാണ് സന്തോഷ്, ലാലി ജെയിംസിനെ സംസാരിക്കാൻ അനുവദിക്കാതെ തടഞ്ഞത്. തുടർന്ന് വനിതാ കൗൺസിലറെ സംഘം ചേർന്ന് മർദ്ദിച്ചതായും പറയുന്നു. വ്യാഴാഴ്ച നടക്കുന്ന കോർപറേഷൻ കൗൺസിൽ യോഗത്തിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിലാണ് അടിപിടി.