വെള്ളിക്കുളങ്ങര: വേനൽ കടുത്തതോടെ വന്യജീവികൾ കുടിവെള്ളത്തിനായി കാടിറങ്ങുന്നത് കുറയ്ക്കുന്നതിനായി നടപടികൾ ആരംഭിച്ചു. ഉൾവനങ്ങളിൽ തന്നെയുള്ള തടയണകളും കുളങ്ങളും നവീകരിക്കുന്നതിനുള്ള പദ്ധതിക്കാണ് തുടക്കമായത്. വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന സ്ഥലങ്ങളിൽ വന്യമൃഗശല്യം വർദ്ധിക്കുകയും കാട്ടാനയെ കണ്ട് ഭയന്ന് ചികിത്സയിലായിരുന്ന സ്ത്രീമരിക്കുകയും ചെയ്തതോടെ മന്ത്രിമാരും ഉദ്യോഗസ്ഥരും നാശനഷ്ടമുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ച് അടിയന്തര പ്രാധാന്യത്തോടെയാണ് നവീകരണത്തിന് നടപടിയെടുത്തത്.
മൂന്നുവർഷത്തോളമായി തുടരുന്ന വന്യമൃഗശല്യത്തിന് ഇതോടെ ശമനമാകുമെന്ന പ്രതീക്ഷയിലാണ് കർഷകരും വനാതിർത്തി പ്രദേശത്തെ കുടുംബങ്ങളും. കാടുമൂടിയും, മണ്ണൊലിച്ച് നികന്നതുമായ കുളങ്ങളും തടയണകളും ലക്ഷങ്ങൾ ചെലവഴിച്ചാണ് ശുചീകരിക്കുന്നത്. വെള്ളിക്കുളങ്ങര റേഞ്ചിലെ നാല് തടയണകളും, നാല് കുളങ്ങളുമാണ് ഈ വർഷം വൃത്തിയാക്കി പൂർവ സ്ഥിതിയിലാക്കുന്നത്. പ്രധാന തടയണകളായ ആനപ്പാന്തം, പുന്നക്കുഴി, കമലകട്ടി, നായാട്ടുകുണ്ട് എന്നിവക്കായി 2,36,000 രൂപയും പത്തുകുളങ്ങര, താളുപ്പാടം, കനകമല, ചൊക്കന ആശുപത്രിക്കാന കുളത്തിനുമായി 2,60,000 രൂപയും വകയിരുത്തിയിട്ടുണ്ട്. കൂടാതെ പുതിയതായി നിർമിക്കുന്ന പരുന്ത് പാറ തടയണക്ക് 3,40,000 രൂപയും ആനപ്പാന്തം കവല തടയണക്ക് 28,000 രൂപയും അനുവദിച്ചതായി വെള്ളിക്കുളങ്ങര റേഞ്ച് ഓഫീസർ എ. വിജിൻ ദേവ് അറിയിച്ചു.
......................
തടയണകൾക്കായി
തടയണകളായ ആനപ്പാന്തം, പുന്നക്കുഴി, കമലകട്ടി, നായാട്ടുകുണ്ട് എന്നിവക്കായി 2,36,000 രൂപ
പത്തുകുളങ്ങര, താളുപ്പാടം, കനകമല, ചൊക്കന ആശുപത്രിക്കാന കുളത്തിനുമായി 2,60,000 രൂപ
പുതിയതായി നിർമിക്കുന്ന പരുന്ത് പാറ തടയണക്ക് 3,40,000 രൂപ
ആനപ്പാന്തം കവല തടയണക്ക് 28,000 രൂപ