ചാവക്കാട്: മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിനടുത്ത് ദേശീയ പാത 66 ൽ ടോറസ് ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു. ബ്ലാങ്ങാട് ബീച്ച് സിദ്ധിക്ക് പള്ളിക്ക് വടക്ക് വി.കെ ബാലൻ റോഡിൽ താമസിക്കുന്ന രാമടി വീട്ടിൽ നന്ദകിഷോറിന്റെ ഭാര്യ നൈമയാണ് (24) മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഭർത്താവിന്റെ വീട്ടിൽ നിന്ന് വടക്കേക്കാടുള്ള ബാങ്കിലേക്ക് സ്‌കൂട്ടർ ഓടിച്ച് പോകുമ്പോഴായിരുന്നു അപകടം. ഇട റോഡിൽ നിന്നും ദേശീയപാതയിലേക്ക് കയറി വന്ന ലോറിക്കടിയിലേക്ക് സ്‌കൂട്ടർ ഇടിച്ചു കയറുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നൈമയെ ഉടൻ തന്നെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തെക്കേ പുന്നയൂർ പള്ളിക്ക് വടക്കു ഭാഗം താമസിക്കുന്ന കരിപ്പോട്ടയിൽ മദീന മൊയ്തുട്ടിയുടെയും, റസിയയുടെയും മകളാണ് നൈമ. നന്ദകിഷോറുമായി ഏറെക്കാലം പ്രണയത്തിലായിരുന്ന നൈമ ജനുവരി 5 നായിരുന്നു വിവാഹിതയായത്. സംസ്‌കാരം ഇന്ന് രാവിലെ 9 ന്..