ചെറുതുരുത്തി: വെട്ടിക്കാട്ടിരി താഴപ്ര മേഖലകളിൽ കുരങ്ങുകൾ ഇപ്പോഴും ചത്തുവീഴുന്നത് വനം വകുപ്പിനെ ആശങ്കയിലാക്കുന്നു. ഇന്നലെ വരെ 11 കുരങ്ങുകളാണ് ചത്തൊടുങ്ങിയത്. കഴിഞ്ഞ ആഴ്ച മുതലാണ് കുരങ്ങുകൾ ചാവാൻ തുടങ്ങിയത്. കുരങ്ങുപനിയാണോ എന്ന ആശങ്ക വർദ്ധിച്ചതോടെ നേരത്തെ നാല് കുരങ്ങുകളുടെ പോസ്റ്റ്‌മോർട്ടം വനം വകുപ്പിന്റെ പൂങ്ങോട് റെയ്ഞ്ച് ഓഫീസിൽ നടത്തുകയും സാമ്പിളുകൾ വിദഗ്ദ പരിശോധനക്കായി പൂനയിലേക്ക് അയക്കുകയും ചെയ്തിരുന്നു. എന്നാൽ അവിടെ നിന്നുള്ള പരിശോധനാ ഫലത്തിൽ കുരങ്ങുപനിയല്ലെന്നും ഗർഭാശയത്തിലുണ്ടായ പഴുപ്പാണ് കാരണമെന്നും കണ്ടെത്തി.

ചത്തവയെല്ലാം പെൺ കുരങ്ങുകളായതിനാൽ പൂനയിൽ നിന്നുള്ള ഫലം ഏറെക്കുറെ ശരിയാകാനാണ് സാദ്ധ്യത. പിന്നീടുള്ള ദിവസങ്ങളിലും കുരങ്ങുകൾ ചത്തതോടെ കാരണം കണ്ടെത്താൻ വയനാട്ടിലെ പൂക്കോട്ട്, എറണാകുളത്തെ കാക്കനാട് തുടങ്ങിയ മൃഗ സംരക്ഷണ വകുപ്പിന്റെ ലാബുകളിലേക്ക് പരിശോധനക്ക് അയച്ചിട്ടുള്ളതായി വനം വകുപ്പ് അധികൃതർ അറിയിച്ചു. താഴപ്ര വെട്ടിക്കാട്ടിരി മേഖലകളിൽ വനം വകുപ്പിന്റെ നേതൃത്വത്തിൽ ശക്തമായ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച ഒരു കുരങ്ങിനെ കൂടി അവശനിലയിൽ കണ്ടെത്തി.

..................................

ഒരു കൂട്ടത്തിൽ ഉൾപ്പെട്ട കുരങ്ങുകൾക്ക് മാത്രമാണ് അസുഖം കണ്ടെത്തിയിട്ടുള്ളത്. ഗർഭാശയ പഴുപ്പിന്റെ കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല.

- വനംവകുപ്പ് പൂങ്ങോട് റേഞ്ച് ഓഫീസർ