തൃശൂർ: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ ആകെ നിരീക്ഷണത്തിലുളളത് 3088 പേരാണെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 3053 പേർ വീടുകളിലും 35 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്.

ഇന്നലെ പത്ത് പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിലുണ്ടായിരുന്ന 13 പേരെ ഡിസ്ചാർജ്ജ് ചെയ്തു. ഇന്നലെ 20 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇതുവരെ 336 സാമ്പിളുകളാണ് ആകെ അയച്ചത്. ഇതിൽ 308 എണ്ണത്തിന്റെയും ഫലം ലഭിച്ചു. ഇന്നലെ ലഭിച്ച 28 എണ്ണത്തിന്റെയും ഫലം നെഗറ്റീവാണ്. തൃശൂർ മെഡിക്കൽ കോളേജിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ച ഏഴ് സാമ്പിളുകളും ആലപ്പുഴയിൽ പരിശോധിച്ച 21 സാമ്പിളുകളും നെഗറ്റീവാണ്.

വരുന്ന രണ്ടാഴ്ച കോവിഡിന്റെ സമൂഹവ്യാപനത്തിന് സാദ്ധ്യതയുളളതിനാൽ വളരെയധികം ശ്രദ്ധയും ജാഗ്രതയും പുലർത്തേണ്ടതുണ്ടെന്ന് കളക്ടർ പറഞ്ഞു. ശക്തമായ സാമൂഹിക നിയന്ത്രണം പുലർത്തണം. ഈ സാഹചര്യത്തിൽ ജുമാമസ്ജിദുകളിലെ വെള്ളിയാഴ്ച നമസ്‌കാരവും ക്രിസ്ത്യൻ ദേവാലയങ്ങളിലെ ഞായറാഴ്ച പ്രാർത്ഥനയും അടുത്ത രണ്ടാഴ്ചത്തേക്ക് കഴിയുന്നതും ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു...