കൊടുങ്ങല്ലൂർ: ശ്രീ കുരുംബ ഭരണി മഹോത്സവ നാളുകളിൽ പതിവായിരുന്ന കോഴിവെട്ട് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്ററുകൾ അരനൂറ്റാണ്ട് മുമ്പ് അവസാനിപ്പിച്ച ജന്തു ബലി പുനരാരംഭിക്കാനുള്ള നീക്കത്തിന്റെ ഭാഗമെന്നാക്ഷേപം. ശാസ്ത്ര സാഹിത്യ പരിഷത്തും ശ്രീനാരായണ ദർശനവേദിയും പ്രതിഷേധവുമായി രംഗത്തെത്തി. ക്ഷേത്രാചാരത്തിന്റെ പേരിൽ വിശ്വവാമാചാര ധർമ്മ രക്ഷാ സംഘമെന്ന ജില്ലയ്ക്ക് പുറത്തുള്ള ഒരു സംഘടനയുടെ പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ആഘോഷത്തോട് അനുബന്ധിച്ച് മാർച്ച് 27 ന് ആയിരക്കണക്കിന് കോഴികളെ ബലിയർപ്പിക്കുമെന്നാണ് സംഘടന പറയുന്നത്. എന്നാൽ കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കൂടുതൽ പേർ വന്നെത്തുന്നത് ഒഴിവാക്കുമെന്നും, കോഴിയെ ബലിയർപ്പിച്ച് ആചാരം പുനഃസ്ഥാപിക്കുമെന്നുമാണ് ഇവരുടെ വാദം.
ശ്രീനാരായണ ഗുരുദേവനും പിന്നീട് സഹോദരനയ്യപ്പനുമൊക്കെ ഉയർത്തിയ ശക്തമായ പ്രതിരോധത്തിന്റെ ഫലമായി 1968 ലെ ജന്തു പക്ഷി ബലി നിരോധന നിയമപ്രകാരം 1977 ൽ നിരോധിച്ചതാണ് കോഴി ബലി. ഇതേത്തുടർന്ന് ഭരണിയാഘോഷ നാളിൽ കോഴിയെ സമർപ്പിക്കലും, കുമ്പളങ്ങ ഗുരുതിയുമാണ് പതിറ്റാണ്ടുകളായി നടക്കുന്നത്. മൃഗബലി നിരോധന നിയമം ലംഘിക്കുവാൻ ആഹ്വാനം ചെയ്തവർക്ക് എതിരെ നിയമ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി പരിഷത്ത് കൊടുങ്ങല്ലൂർ മേഖലാ കമ്മിറ്റി മുഖ്യമന്ത്രി, തൃശൂർ ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി, കൊടുങ്ങല്ലൂർ താഹസിൽദാർ, ദേവസ്വം മാനേജർ, സബ്ബ് ഇൻസ്‌പെക്ടർ, നഗരസഭ സെക്രട്ടറി എന്നിവർക്ക് പരാതി നൽകി.
നവോത്ഥാന നായകരുടെ ശ്രമഫലമായി ഉണ്ടാക്കിയ നേട്ടങ്ങളെയെല്ലാം അട്ടിമറിച്ച്, വിശ്വാസത്തിന്റെയും ആചാരങ്ങളുടെയും മറവിൽ പ്രാകൃതമായ ദുരാചാരങ്ങളിലേക്ക് ജനങ്ങളെ ആട്ടിത്തെളിയിക്കാൻ ശ്രമിക്കുന്നവരുടെ നീക്കങ്ങൾ മുളയിലേ നുള്ളണമെന്ന് ശ്രീനാരായണ ദർശനവേദി ഭാരവാഹികളായ പ്രൊഫ. സി.ജി. ധർമ്മൻ, എൻ.ബി അജിതൻ എന്നിവർ ആവശ്യപ്പെട്ടു.