കാഞ്ഞാണി : കടബാദ്ധ്യത കൊണ്ട് പൊറുതിമുട്ടിയ കുടുംബത്തിന് ഭാഗ്യദേവതാ കടാക്ഷം. സ്ത്രീശക്തി ലോട്ടറിയുടെ 75 ലക്ഷം രൂപ കണ്ടശ്ശാംകടവ് മാമ്പുള്ളി സ്വദേശി പരേതനായ തൈവളപ്പിൽ ശങ്കരന്റെ മകൻ സന്തോഷിന്(48) ലഭിച്ചു. ഇതുകൂടാതെ സമാശ്വാസമായി 11 ടിക്കറ്റിന് 88000 രൂപയും ലഭിച്ചു. SB 897789 നമ്പറിൽ 12 ടിക്കറ്റുകൾ എടുത്തിരുന്നു. തൃശൂർ മിനി ലക്കി സെന്റർ ഏജൻസിയുടെ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. തൃശൂർ സിഎംഎസ് സ്‌കൂളിന് സമീപം കോസ്‌മോ ബുക്ക്സ്റ്റാളിലെ ഡ്രൈവറാണ്. ആദ്യകാലത്ത് കണ്ടശ്ശാംകടവിലെ ഓട്ടോ ഡ്രൈവറായിരുന്നു. അതിന് ശേഷം 10 വർത്തോളം സൗദിയിൽ ജോലി ചെയ്തു. സ്വദേശിവത്കരണത്തോടെ നാട്ടിലെത്തിയ സന്തോഷ് 12 വർഷമായി ഈ സ്ഥാപനത്തിലെ ഡ്രൈവറാണ്. തങ്കമണിയാണ് അമ്മ. ഷീന ഭാര്യയും, ആദിത്യ, ആർഷ എന്നിവർ മക്കളുമാണ്. ടിക്കറ്റ് തൃശൂർ എം.ജി റോഡിലെ സൗത്ത് ഇന്ത്യൻ ബാങ്കിൽ ഏല്പിച്ചു. 10 ലക്ഷത്തോളം രൂപ വായ്പ തീർക്കാൻ കഴിയാതെ എന്തുചെയ്യണമെന്നാറിയാത്ത അവസ്ഥയിൽ നിൽക്കുമ്പോഴാണ് ലോട്ടറി അടിച്ചതെന്ന് സന്തോഷ് പറഞ്ഞു. കടം തീർക്കുകയും ബാക്കി തുകയിൽ പ്രളയകാലത്ത് വീടിനുണ്ടായ കേട് പാടുകൾ തീർക്കാനും ചെലവഴിക്കുമെന്നും സന്തോഷ് പറഞ്ഞു.