മാള: കുഴൂർ തുമ്പരശേരിയിൽ മീൻ വളർത്തുന്ന കുളത്തിൽ 11 കാരൻ കാൽ വഴുതിവീണു. പള്ളിപ്പാടൻ സേവ്യറിൻ്റെ മകൻ അനക്സ് ആണ് കുളത്തിലേക്ക് വീണത്. പത്ത് മിനിറ്റോളം കുളത്തിൻ്റെ അടിത്തട്ടിൽ മുങ്ങിക്കിടന്ന കുട്ടി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ വെൻ്റിലേറ്ററിലാണ്. ഹൃദയമിടിപ്പ് ഉണ്ടെങ്കിലും അപകട നിലയിൽ തന്നെയാണെന്ന് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചു.
വീടിന് സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ മീൻ വളർത്തുന്ന കുളത്തിലേക്കാണ് വീണത്. മണ്ണെടുത്ത സ്ഥലത്ത് ടർപോളിൻ ഉപയോഗിച്ച് നിർമ്മിച്ച ആഴമുള്ള കുളമായിരുന്നു. കൂടെയുണ്ടായിരുന്ന കൂട്ടുകാരൻ അടുത്ത വീട്ടിൽ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് അബോധാവസ്ഥയിലായ അനക്സിനെ വെള്ളത്തിനടിയിൽ നിന്ന് കണ്ടെടുത്തത്. ഉടനെ തന്നെ മാളയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് സി.പി.ആർ നൽകിയപ്പോഴാണ് ജീവൻ്റെ തുടിപ്പ് കണ്ടത്. തുടർന്നാണ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. അനക്സ് ജീവിതത്തിലേക്ക് തിരിച്ച് വരാനുള്ള പ്രാർത്ഥനയിലാണ് നാട് മുഴുവൻ.