ksu

കാഞ്ഞാണി: പച്ചക്കറി വിൽപ്പനയ്ക്കിടയിലെ തിരക്കിനിടയിലും കഥയും കവിതയും എഴുതാൻ സമയം കണ്ടെത്തുകയാണ് സേവ്യർ. കണ്ടശ്ശാംകടവ് ചന്തയ്ക്കുള്ളിലെ പച്ചക്കറിവിൽപ്പനക്കാരനായ ഇയാൾക്ക് ചക്കയും മാങ്ങയും കാന്താരി മുളകുമെല്ലാം തന്റെ രചനാ സൃഷ്ടികൾക്ക് കഥാപാത്രങ്ങളാണ്.

കിട്ടുന്ന ഒഴിവുസമയങ്ങളിലെല്ലാം സേവ്യർ കഥയും കവിതകളും പാട്ടും എഴുതുന്നു. 25 വർഷത്തെ പ്രവാസി ജീവിതത്തിന് ശേഷമാണ് കണ്ടശ്ശാംകടവ് ചന്തയ്ക്കുള്ളിൽ ഇയാൾ പച്ചക്കറി കച്ചവടം ആരംഭിച്ചത്. ചെറുപ്പം തൊട്ടുതന്നെ എഴുതാനുള്ള മോഹം ഉണ്ടായിരുന്നെങ്കിലും അന്നത്തെ ജീവിതസാഹചര്യത്താൽ എഴുത്തിലേക്ക് കുടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിഞ്ഞില്ല.
ചെറുപ്പത്തിലെ മോഹങ്ങളാണ് പച്ചക്കറിവിൽപ്പനയ്ക്കിടയിൽ ഇപ്പോൾ പൂവണിയുന്നത്. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള സേവ്യർ എല്ലാ മേഖലകളിലും സർവകലാവല്ലഭനാണ്. സ്വന്തമായി എഴുതുകയും പാടിയും മകളെ കൊണ്ട് പാടിപ്പിച്ചും ആൽബങ്ങളും ചെയ്തിട്ടുണ്ട്. പുണ്യം എന്നപേരിൽ ക്രിസ്തീയ ഭക്തിഗാനങ്ങൾ എഴുതി മകളെ കൊണ്ടാണ് പാടിപ്പിച്ചത്. മീശ എന്ന പേരിലുള്ള രണ്ടാമത്തെ ആൽബം യൂട്യൂബിലൂടെ പുതുതലമുറയ്ക്കിടയിലും തരംഗമായിരിക്കുകയാണ്. സത്യൻ അന്തിക്കാടിന്റെ സിനിമയായ ജോമോന്റെ സുവിശേഷം,​ മമ്മുട്ടിയുടെ വർഷം ഉൾപ്പെടെ പതിനഞ്ചോളം സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിക്കാനും കഴിഞ്ഞിട്ടുണ്ട്. ഇനി ചക്കയും മാങ്ങയും എല്ലാം സേവ്യറിന്റെ കഥയിലൂടെയും കവിതയിലൂടെയുമായി പുസ്തകരൂപത്തിൽ അണിയറയിൽ പിറവിയെടുക്കാനൊരുങ്ങുകയാണ്.