തൃശൂർ: കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ 20, 21 തിയതികളിൽ തൃശൂർ ടൗൺ ഹാളിൽ നടക്കുന്ന 2020-21 വർഷത്തേക്കുള്ള തൃശൂർ ഡിവിഷനിലെ കള്ള് ഷാപ്പ് വിൽപ്പനയിൽ, ആൾക്കൂട്ടം ഒഴിവാക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. തൃശൂർ, ചേർപ്പ്, അന്തിക്കാട്, കോലഴി, കൊടുങ്ങല്ലൂർ എന്നീ റേഞ്ച് അടിസ്ഥാനത്തിൽ നടക്കുന്ന കള്ള്ഷാപ്പുകളുടെ വിൽപ്പന 20 ന് രാവിലെ 10 മണി മുതൽ 10.45 വരെയും, മാള കള്ള് ഷാപ്പ് ഗ്രൂപ്പുകളുടെ വിൽപ്പന 10.45 മുതൽ 11.05 വരെയും, ചാലക്കുടി ഗ്രൂപ്പുകളുടെ വിൽപ്പന 11.05 മുതൽ 11.20 വരെയും, ഇരിങ്ങാലക്കുട ആദ്യ 10 കള്ള്ഷാപ്പ് ഗ്രൂപ്പുകളുടെ വിൽപ്പന 11.20 മുതൽ 11.40 വരെയും, തുടർന്നുള്ള 7 ഗ്രൂപ്പുകളുടെ വിൽപ്പന 11.40 മുതൽ 12.00 വരെയും, പഴയന്നൂർ കള്ള്ഷാപ്പ് ഗ്രൂപ്പുകളുടെ വിൽപ്പന 12.00 മണി മുതൽ 12.15 വരെയും, വടക്കാഞ്ചേരി കള്ള്ഷാപ്പ് ഗ്രൂപ്പുകളുടെ വിൽപ്പന 12.15 മുതൽ 12.35 വരെയും, കുന്നംകുളം കള്ള് ഷാപ്പ് ഗ്രൂപ്പുകളുടെ വിൽപ്പന 12.35 മുതൽ ഒരു മണി വരെയും നടക്കും.

ചാവക്കാട് കള്ള്ഷാപ്പ് ഗ്രൂപ്പുകളുടെ വിൽപ്പന ഒരു മണി മുതൽ 1.15 വരെയും, വാടാനപ്പള്ളി കള്ള് ഷാപ്പ് ഗ്രൂപ്പുകളുടെ വിൽപ്പന 1.15 മുതൽ 1.30 വരെയും നടത്തും. പ്രിഫറൻസുള്ള കള്ള് ഷാപ്പുകളുടെ വിൽപ്പന ഉച്ചയ്ക്ക് മുൻപും, തുടർന്ന് പ്രിഫറൻസിൽ വിൽപ്പന നടക്കാത്ത കള്ള് ഷാപ്പുകളുടെയും, മറ്റ് ഷാപ്പുകളുടെയും വിൽപ്പന ഉച്ചകഴിഞ്ഞും നടത്തും. 20 ന് വിൽപ്പന പോകാത്തവ, 50 ശതമാനം റെന്റൽ തുക കുറച്ച് 21 ന് നടത്തും. ഗവൺമെന്റിൽ നിന്നും ജില്ലാ ഭരണകൂടത്തിൽ നിന്നും കൊറോണ പ്രതിരോധിക്കുന്നതിനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുള്ളതായും മെഡിക്കൽ ടീമിനെ സജ്ജമാക്കിയിട്ടുള്ളതായും ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ അറിയിച്ചു.