തൃശൂർ: ദേശമംഗലം സ്വദേശിയായ പ്രവാസിയുടെ ഇടുക്കി ശാന്തൻപാറയിലുള്ള ഏലത്തോട്ടത്തിൽ പൊലീസിന്റെയും ക്രിമിനലുകളുടെയും സഹായത്തോടെ തോട്ടത്തിന്റെ മുൻ ഉടമ അതിക്രമങ്ങൾ നടത്തുന്നുവെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ നേരിട്ട് അന്വേഷിക്കും. കമ്മിഷന്റെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ പരാതിയെ കുറിച്ച് അന്വേഷിച്ച് രണ്ടു മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് ജുഡീഷ്യൽ അംഗം പി. മോഹനദാസ് നിർദ്ദേശിച്ചു. ക്രിമിനലുകളുമായി കൈകോർത്ത് ശാന്തൻപാറ പൊലീസ് നടത്തുന്ന നീക്കങ്ങളെ കുറിച്ച് ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്തി 30 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ ഇടുക്കി ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി.
ദേശമംഗലം സ്വദേശി അബ്ദുൾ ഖാദർ നൽകിയ പരാതിയിലാണ് നടപടി. 25 വർഷം ഗൾഫിൽ ജീവിച്ച പരാതിക്കാരൻ നാട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് ഇടുക്കി ശാന്തൻപാറയിൽ നഷ്ടത്തിൽ പ്രവർത്തിച്ചിരുന്ന 650 ഏക്കറിലുള്ള ജി.ഐ.ഇ പ്ലാന്റേഷൻ വിലയ്ക്ക് വാങ്ങിയത്. തോട്ടം വാങ്ങിയപ്പോൾ മുതൽ പഴയ ഉടമ ദ്രേഹിക്കുകയാണ്. തോട്ടം ജീവനക്കാരെ സ്ഥിരമായി ആക്രമിക്കാറുണ്ട്. 2015 ൽ തോക്ക് ഉപയോഗിച്ച് പരാതിക്കാരനെ വധിക്കാൻ ശ്രമിച്ചു. ശാന്തൻപാറ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും അന്വേഷിച്ചില്ല. ശാന്തൻപാറ എസ്.ഐ പരാതിക്കാരനെ സമീപിച്ച് വാറണ്ടുണ്ടെന്ന് പറഞ്ഞ് 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. കൈക്കൂലി നൽകാത്തതിനാൽ കള്ള കേസിൽ പ്രതിയാക്കി.
2018 ൽ വടക്കാഞ്ചേരി കോടതിയെ സമീപിച്ച് അവർക്ക് അനുകൂലമായി ഉത്തരവ് നേടി തോട്ടത്തിൽ അതിക്രമിച്ച് കടന്ന് ആദിവാസി വിഭാഗത്തിലുള്ള ജീവനക്കാരിയെ ഉൾപ്പെടെ ആക്രമിച്ച് ലക്ഷങ്ങളുടെ ഏലം കവർന്നെടുത്തു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കാതെ, പരാതിക്കാരനെതിരെ നടപടിയെടുക്കുകയാണ് പൊലീസ് ചെയ്യുന്നതെന്ന് കമ്മിഷൻ കുറ്റപ്പെടുത്തി. പരാതിക്കാരന് സംരക്ഷണം നൽകേണ്ട പൊലീസ് കാഴ്ചക്കാരെ പോലെ നോക്കി നിൽക്കുകയാണെന്നും ഉയർന്ന പൊലീസുദ്യോഗസ്ഥർ ആരോപണം അന്വേഷിക്കേണ്ടതാണെന്നും കമ്മിഷൻ ഉത്തരവിൽ പറഞ്ഞു.