chiken
ചിക്കൻ 19... തൃശൂർ ശക്തൻ മാർക്കറ്റിൽ കോഴി കിലോക്ക് 19 രൂപയായപ്പോൾ പക്ഷിപനിയും,കൊറോണ വൈറസ് ജാഗ്രതയുംമായപ്പോൾ ആവശ്യക്കാർ കുറഞ്ഞതാണ് കോഴി വില കുറയാൻ കാരണം

തൃശൂർ: ഇന്നലെ തൃശൂർ ശക്തൻ മാർക്കറ്റിൽ ഒരു കിലോഗ്രാം ഇറച്ചിക്കോഴി വിറ്റത് 19 രൂപയ്ക്ക് ! കൊറോണയ്ക്കു പിന്നാലെ പക്ഷിപ്പനികൂടി വന്നതോടെ കോഴിയിറച്ചി വാങ്ങാൻ ആളില്ലാതായതാണ് വില കുത്തനേ ഇടിയാൻ കാരണം. രോഗഭീതിക്കൊപ്പം കടുത്തചൂടും ജലക്ഷാമവുംകൂടി വന്നതോടെ തകർന്നടിയുകയാണ് ഇറച്ചിക്കോഴി വിപണി. തമിഴ്നാട്ടിലും കർണാടകയിലും ഫാമുകൾ പൂട്ടിയും മുട്ട പൊട്ടിച്ചുകളഞ്ഞും നടത്തിപ്പുകാർ മറ്റ് തൊഴിൽ തേടുന്ന സ്ഥിതിയായി. കൊറോണ ഭീതിയിൽ മഹാരാഷ്ട്രയിൽ നിന്ന് കോഴിയിറച്ചിയും ഉത്പന്നങ്ങളും കയറ്റി അയയ്ക്കാതായി.

കോഴിത്തീറ്റയുടെ വിലയും പരിപാലനഭാരവും കടത്തുന്നതിനുളള ചെലവുമെല്ലാം ചേരുമ്പോൾ കോഴികർഷകർക്ക് വൻ നഷ്ടമാണ്. വിറ്റുപോകാത്ത മുട്ടകൾ നശിപ്പിച്ചുകളഞ്ഞാൽ നഷ്ടം കുറയ്ക്കാമെന്നാണ് അവർ പറയുന്നത്. ഒരാഴ്ച മുൻപും, തൃശൂർ നഗരത്തിന് അടുത്ത് അരിമ്പൂർ സെന്ററിൽ 19 രൂപയ്ക്കു കോഴിവില്പന നടത്തിയിരുന്നു. കോഴികളെ വിറ്റഴിക്കാൻ കടകൾ തമ്മിൽ മത്സരം മുറുകിയതോടെയാണ്‌ 19 രൂപയിലെത്തിയത്. ഒരു മാസം മുൻപ് 120 രൂപയായിരുന്നു. കിലോഗ്രാമിന് 35 രൂപ വിലവരും കോഴിത്തീറ്റയ്ക്ക്. ദിവസം 150-200 ഗ്രാം ഒരു കോഴിക്കു നൽകണം. കോഴികളെ എത്രയും വേഗം വിറ്റഴിച്ചാൽ ഈ നഷ്ടം ഒഴിവാക്കാം.

ഈസ്റ്ററിലും വറുതി ?

ഈസ്റ്റർ വിപണി മുന്നിൽക്കണ്ട് കൂട് നിറയെ കോഴികളെ കച്ചവടക്കാർ സംഭരിക്കാറുണ്ട്. ഇക്കൊല്ലം അതുമുണ്ടാവില്ല. തമിഴ്‌നാട്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നു കോഴികളെ എത്തിക്കുന്നത് നിരാേധിച്ചാൽ കേരളത്തിലെ കർഷകർക്ക് കുറച്ചെങ്കിലും ആശ്വാസമാകും.

മറ്റ് കാരണങ്ങൾ

 കഴിഞ്ഞ മാസങ്ങളിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇറച്ചിക്കോഴി ഉത്പാദനം ഗണ്യമായി കൂടി

 മലബാർ മേഖലയിൽ ചിക്കൻ വില്പനയും കോഴിക്കടത്തും തടഞ്ഞതിന്റെ ആഘാതം മാറിയിട്ടില്ല

'' പക്ഷിപ്പനി ഏതാണ്ട് നിയന്ത്രണ വിധേയമായിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ മാത്രമാണ് ബാധിച്ചത്. ഇനി ഇത് പടരാനുളള സാദ്ധ്യത കാണുന്നില്ല. കോഴിവില വൻതോതിൽ കുറഞ്ഞത് ഇറച്ചിക്കോഴി വിപണിയിൽ ഇടപെടാനുള്ള സർക്കാരിന്റെ നീക്കത്തെ (കേരള ചിക്കൻ പദ്ധതിയെ) ബാധിക്കും. കുടുംബശ്രീ അംഗങ്ങളും കോഴിക്കർഷകരും ഏറെ പ്രതീക്ഷയോടെയാണ് ഈ പദ്ധതിയുടെ ഭാഗമായത്.

- ഡോ. എം.കെ. നാരായണൻ, ഡയറക്ടർ ഒഫ് എന്റർപ്രണർഷിപ്പ്, വെറ്ററിനറി സർവകലാശാല, പൂക്കോട്, വയനാട്.

'' കോടിക്കണക്കിന് കിലോഗ്രാം കോഴിയാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഫാമുകളിൽ കെട്ടിക്കിടക്കുന്നത്. കൊറോണ സ്ഥിരീകരിച്ച ശേഷം തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ കോഴി ആരും വാങ്ങുന്നില്ല. ഇപ്പോൾ കേരളത്തിലും പ്രതിസന്ധിയായി. കോഴിത്തീറ്റയ്ക്ക് വില കുറഞ്ഞിട്ടുമില്ല. ഒരു കോഴിക്കുഞ്ഞ് ഒരു കിലോഗ്രാം വളർച്ചയെത്താൻ ഏതാണ്ട് 85 രൂപ ചെലവുണ്ട് ''

- ബിന്നി ഇമ്മട്ടി, സംസ്ഥാന പ്രസിഡന്റ്, കേരള പൗൾട്രി ഫാർമേഴ്സ് ആൻഡ് ട്രേഡേഴ്സ് സമിതി.