naimu-was-on-his-way
നന്ദകിഷോറും, നൈമയും ജനുവരി 5 -ന് വിവാഹിതരായപ്പോൾ എടുത്ത ചിത്രം

ചാവക്കാട്: ഭീഷണിയും സംഘർഷവും മറികടന്ന് കളിക്കൂട്ടുകാർ ജീവിതപാതികളായി, എന്നാൽ ജീവിതത്തിൽ പരസ്പരം താങ്ങാകാനാവാത്തെ അവൾ വിടവാങ്ങി. പ്രണയത്തിനപ്പുറം മതത്തെ കണ്ട ചിലരുടെ എതിർപ്പുകളെ മറികടന്നാണ് യഥാസ്ഥിതിക മുസ്‌ലിം കുടുംബാംഗമായ നൈമ രാമടി വീട്ടിൽ നന്ദകിഷോറിന്റെ ഭാര്യയായത്. 2020 ജനുവരി അഞ്ചിനായിരുന്നു വിവാഹം.

മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിനടുത്ത് ദേശീയ പാത 66ൽ ടോറസ് ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തെ തുടർന്നാണ് നൈമയ്ക്ക് ജീവൻ നഷ്ടപ്പെട്ടത്. ചാവക്കാട് ബ്ലാങ്ങാട് ബീച്ച് സിദ്ദിക്ക് പള്ളിക്ക് വടക്ക് വി.കെ. ബാലൻ റോഡിൽ താമസിക്കുന്ന രാമടി വീട്ടിൽ നന്ദകിഷോറിന്റെ ഭാര്യ നൈമ(24)യുടെ ഭൗതികശരീരം കുടുംബത്തിന്റെ അഭ്യർത്ഥന പ്രകാരം ദഹിപ്പിക്കാതെ മറവു ചെയ്തു.

ഭീഷണിയും സംഘർഷങ്ങളും അതിജീവിച്ച് ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ച ഇരുവർക്കും സമൂഹമാദ്ധ്യമങ്ങളിൽ രൂക്ഷമായ ആക്ഷേപങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. നൈമയുടെ ഭൗതികശരീരം വിട്ടുകിട്ടണമെന്ന് പലരും ആവശ്യപ്പെട്ടിരുന്നു. ഒടുവിൽ ഹൈന്ദവാചാര പ്രകാരം ദഹിപ്പിക്കാൻ തീരുമാനിച്ച ഭൗതിക ശരീരം നൈമയുടെ ഉപ്പയുടെയും ഉമ്മയുടെയും അഭ്യർത്ഥന മാനിച്ച് മറവു ചെയ്യുകയായിരുന്നു.

ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടര മണിയോടെ ഭർത്താവിന്റെ വീട്ടിൽ നിന്ന് വടക്കെകാടുള്ള ബാങ്കിലേക്ക് സ്‌കൂട്ടർ ഓടിച്ച് പോകുമ്പോഴാണ് അപകടം ഉണ്ടായത്. ഇട റോഡിൽ നിന്നും ദേശീയപാതയിലേക്ക് കയറി വന്ന ലോറിക്കടിയിലേക്ക് സ്‌കൂട്ടർ ഇടിച്ചു കയറുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ നൈമയെ ഉടൻ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തെക്കെ പുന്നയൂർ പള്ളിക്ക് വടക്കു ഭാഗം താമസിക്കുന്ന കരിപ്പോട്ടയിൽ മദീന മൊയ്തുട്ടിയുടെയും,റസിയയുടെയും മകളാണ് നൈമ.