congress-prathishedham
ഇലക്ട്രിസിറ്റി ബില്ലടക്കുന്നതിനുള്ള സമയം വെട്ടികുറച്ചതിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി കയ്പമംഗലം കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ പ്രതിഷേധിക്കുന്നു.

കയ്പമംഗലം: കെ.എസ്.ഇ.ബി.ഓഫീസിലെ ക്യാഷ്‌ കൗണ്ടറിൽ ബില്ലടക്കാനുള്ള സമയം വെട്ടി കുറച്ചതിനെതിരെ പ്രതിഷേധം. കെ.എസ്.ഇ.ബി കയ്പമംഗലം മേജർ സെക്ഷനിലാണ് രാവിലെ 8 മുതൽ വൈകീട്ട് 6 വരെ പ്രവർത്തിച്ചിരുന്ന കാഷ് കൗണ്ടർ കഴിഞ്ഞ ദിവസം രാവിലെ 9 മുതൽ 3 വരെയാക്കിയെന്ന് പരാതി ഉയർന്നത്. ഇതിനെതിരെ കയ്പമംഗലം കോൺഗ്രസ് മണ്ഡലം കമ്മിറ്റി അസി.എൻജിനിയറെ കണ്ട് പ്രതിഷേധം അറിയിച്ചു. കൊറോണയുടെ വ്യാപനം തടയുന്നതിനായി എല്ലാ സ്ഥാപനങ്ങളലും തിക്കും തിരക്കും കുറക്കുവാൻ കൂടുതൽ കൗണ്ടറുകൾ സ്ഥാപിക്കുന്നതിനിടയിലാണ് ഏകദേശം ഇരുപത്തിമുവ്വായിരത്തോളം ഉപഭോക്താക്കളുള്ള കെ.എസ്.ഇ.ബി കയ്പമംഗലത്തെ കാഷ് കൗണ്ടറുകളുടെ സമയം വെട്ടിക്കുറച്ചതെന്ന് കോൺഗ്രസ് പരാതിയിൽ പറയുന്നു. അത് അംഗീകരിക്കുവാൻ കഴിയില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി. ഇതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.ജെ. പോൾസൺ, പഞ്ചായത്തംഗം സുരേഷ് കൊച്ചു വീട്ടിൽ, കെ.എ. ദിവാകരൻ പി.എസ്.മുഹമ്മദ്, പി.എ. ജലീൽ, എം.ഡി സന്തോഷ്, കെ.എ. അബ്ദുൾ സലാം എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധവുമായി രംഗത്ത് വന്നത്.

................................

സമയം വെട്ടിക്കുറച്ചിട്ടില്ലെന്നും ഒരു കാഷ് കൗണ്ടർ ജീവനക്കാരൻ അവധിയായതിനാലാണ് സമയം താൽക്കാലികമായി ക്രമീകരിക്കാൻ ഇടയാക്കിയത്. 25 ശതമാനത്തോളം ഉപഭോക്താക്കളും ഓൺലൈനായും മറ്റു സംവിധാനങ്ങളുപയോഗിച്ചുമാണ് ബില്ല് അടക്കുന്നത്. ഏത് കെ.എസ്.ഇ.ബി.ഓഫീസിലും മറ്റ് സ്ഥലത്തെ ഇലക്ട്രിക്‌സിറ്റി ബില്ലുകൾ അടക്കാനാകും. പല കെ.എസ്.ഇ.ബി.ഓഫീസിലെ കാഷ് കൗണ്ടറുകളും ഇപ്പോൾ സമയം വെട്ടിച്ചുരുക്കിയട്ടുണ്ട്. കയ്പമംഗലത്ത് ഇന്നുമുതൽ സാധാരണ പോലെ തന്നെ ബില്ലടക്കാനാകും.

- കെ.എസ്.ഇ.ബി കയ്പമംഗലം മേജർ സെക്‌ഷൻ അസി.എൻജിനിയർ