കൊടുങ്ങല്ലൂർ: കോവിഡ് 19 വൈറസിനെ പ്രതിരോധിക്കുവാനും ചെറുക്കുവാനുമുള്ള ബ്രേക്ക് ദ ചെയിൻ ലക്ഷ്മി ജ്വല്ലറിയുടെ കൊടുങ്ങല്ലൂർ, പറവൂർ, ചാലക്കുടി ഷോറൂമുകളും ഏറ്റെടുത്തു. ജ്വല്ലറിയിലെത്തുന്ന ഓരോ ഉപഭോക്താവിനും തങ്ങളുടെ കൈകൾ വൃത്തിയാക്കി ഷോറൂമിലേക്ക് പ്രവേശിക്കാനുള്ള ഹാൻഡ് വാഷിംഗ് കോർണർ സ്ഥാപിച്ചാണ് ഷോറൂമുകൾ രംഗത്തെത്തിയത്.

ആൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ മണപ്പുറം മേഖല, ബ്രേക്ക് ദ ചെയിൻ കോട്ടപ്പുറം അനാപ്പുഴയിൽ ശുചീകരണ സംവിധാനം സ്ഥാപിച്ചു. പൊതുജനങ്ങൾക്ക് കൈ കഴുകുന്നതിനാവശ്യമായ വാഷ് ബേസിൻ, ഹാൻഡ് വാഷ് എന്നിവ സ്ഥാപിച്ചുള്ള ഈ ദൗത്യം അഡ്വ. വി.ആർ സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.കെ.സി.എ. ജില്ലാ ട്രഷറർ അബ്ദുൽ അസീസിന്റെ അദ്ധ്യക്ഷതയിൽ മേഖല പ്രസിഡന്റ് ശ്രീവത്സൻ, നിസാർ, സുപ്രീം പ്രേമൻ, ദിനിൽ മാധവ്, തോമസ്, നിഥിൻ രാഘവ്, നിഖിൽ രാഘവ്, സന്തോഷ്, സാനി തുടങ്ങിയവർ സംബന്ധിച്ചു.

സീനിയേഴ്സ് ഫോറം ഒഫ് കെ.കെ.ടി.എം കോളേജ് ഓൾഡ് സ്റ്റുഡൻസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ "കോവിഡ് 19 " പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോളേജിലും താലൂക്ക് ഓഫീസിലും താലൂക്ക് ആശുപത്രിയിലും പരിസര പ്രദേശങ്ങളിലും മാസ്ക്, സാനിറ്ററൈസ്, ക്ളീനക്സ് തുടങ്ങിയവ സൗജന്യമായി വിതരണം ചെയ്തു. അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ ഇവ കെ.കെ.ടി.എം ഗവ. കോളേജ് പ്രിൻസിപ്പാൾ ഡോ.ഐ. അനിതയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു. എ.പി. മുരളീധരൻ, യു.കെ .വിശ്വനാഥൻ തുടങ്ങിയവർ സംസാരിച്ചു..