ചാലക്കുടി: അതിരപ്പിള്ളി പഞ്ചായത്തിലെ 108 ആംബുലൻസിന്റെ സേവനം മുഴുവൻ സമയവും ലഭ്യമാക്കണമെന്ന് ആവശ്യമുയരുന്നു. നിലവിൽ 12 മണിക്കൂർ മാത്രമാണ് ഇതിന്റെ പ്രവർത്തനം. കോടശ്ശേരി, അതിരപ്പിള്ളി, പരിയാരം എന്നീ മൂന്ന് പഞ്ചായത്തുകളിലെ കിഴക്കൻ മേഖലകളിലേക്ക് ചാലക്കുടിയിലെ ആംബുലൻസിനേക്കാൾ വേഗത്തിൽ ഇതിന് എത്താനാകും.

കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ചാലക്കുടിയിലെ 108 ആംബുലൻസ് നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് പോയതിനാൽ ചാലക്കുടിയുടെ കിഴക്കൻ മേഖലയിൽ രാത്രിയിൽ 108 ആംബുലൻസ് സർവീസ് ലഭ്യമാകുന്നില്ലെന്ന് പരാതിയുണ്ട്. കഴിഞ്ഞ ദിവസം വാഴച്ചാൽ ആദിവാസി ഊരിൽ അപകടത്തിൽപെട്ട ആദിവാസിയെ ആംബുലൻസ് ഇല്ലാത്തതിനാൽ ജീപ്പിലാണ് ആശുപത്രിയിൽ എത്തിച്ചത്.

ആദിവാസി ഊരുകൾ, തോട്ടം തൊഴിലാളി മേഖല എന്നിവിടങ്ങളിൽ രാത്രിയിൽ അത്യാഹിതമുണ്ടായാൽ 30 കിലോമീറ്റർ അകലെ ചാലക്കുടിയിലെ 108 ആംബുലൻസിനെയാണ് ആശ്രയിച്ചുവരുന്നത്. ഇതു രോഗിയുടെ ജീവൻ തുലാസിലാകുന്ന അവസ്ഥ സംജാതമാക്കുന്നു. ഈ സാഹചര്യത്തിലാണ് അതിരപ്പിള്ളിയിലെ 108 ആംബുലൻസിന്റെ പ്രവർത്തനം 24 മണിക്കൂറാക്കണമെന്നാണ് ആദിവാസികളുടെയും നാട്ടുകാരുടെയും ആവശ്യം.