കൊടുങ്ങല്ലൂർ: കോവിഡ് - 19നാൽ തകർന്ന വ്യാപാരമേഖലയോടും വ്യാപാരികളോടും കരുണ കാണിക്കാൻ നഗരസഭയും സർക്കാരും ബാങ്കിംഗ് സ്ഥാപനങ്ങളും തയ്യാറാകണമെന്ന് കൊടുങ്ങല്ലൂർ മർച്ചന്റസ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. ബാങ്ക് വായ്പ തിരിച്ചടവിൽ മോറോട്ടോറിയം അനുവദിക്കാനും കെട്ടിട ഉടമകൾ വാടക ഇളവ് അനുവദിച്ചും വ്യാപാരികൾക്ക് തുണയാകേണ്ട അവസ്ഥയിലാണ് വ്യാപാരികളെന്നും കൊടുങ്ങല്ലൂർ മർച്ചന്റ് അസോസിയേഷൻ സെക്രട്ടറി എൻ.ആർ.വിനോദ് കുമാർ, പ്രസിഡന്റ് വി.ഇ. ധർമ്മപാലൻ, കെ.ജെ. ശ്രീജിത്ത്, രാജീവൻ പിള്ള എന്നിവർ ചൂണ്ടിക്കാട്ടി.

വ്യാപാര മേഖല നിശ്ചലമായിരിക്കുകയാണ്. വ്യാപാരികൾ ആത്മഹത്യയുടെ വക്കിലാണ്. ദുരിതത്തിലായ തൊഴിലാളികളിൽ നിന്ന് തൊഴിൽ നികുതി പിരിക്കുന്നതിനായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിരിക്കുകയാണ് നഗരസഭ. കെട്ടിടങ്ങളുടെ വാടകയും നഗരസഭ വർദ്ധിപ്പിച്ചിരിക്കുകയാണെന്ന് ഇവർ ചൂണ്ടിക്കാട്ടി.