തൃപ്രയാർ: കൊറോണ വൈറസിൽ നിന്നും കൈകൾ കഴുകി വൃത്തിയാക്കി പ്രതിരോധിക്കുന്നതിനായി നാട്ടിക പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ ഹാന്റ് വാഷ് കോർണർ സ്ഥാപിച്ചു. നാട്ടിക പഞ്ചായത്ത് ഓഫീസ്, തൃപ്രയാർ സെന്റർ, നാട്ടിക ഹെൽത്ത് സെന്റർ തുടങ്ങിയ സ്ഥലങ്ങളിലാണ് സ്ഥാപിച്ചത്. വലപ്പാട് സി.പി മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായത്തോടെയാണ് ഹാൻഡ് വാഷ് കോർണറുകൾ സ്ഥാപിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പി. വിനു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എ. ഷൗക്കത്തലി, നൗഷാദ് ആറ്റുപറമ്പത്ത്, ഇന്ദിര ജനാർദ്ദനൻ, ബിന്ദു പ്രദീപ്, കെ.വി. സുകുമാരൻ, പി.എം. സിദ്ദിഖ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. വിജയൻ, സെക്രട്ടറി സാബു ജോർജ്, ആശാ പ്രവർത്തകർ തുടങ്ങിവർ പങ്കെടുത്തു.
'ബ്രേക്ക് ദ ചെയിൻ' സന്ദേശം ഉൾക്കൊണ്ടു കൊണ്ട് വലപ്പാട് ദേശീയപാതയിൽ നാല് ഇടങ്ങളിൽ ഹാന്റ് വാഷ് സെന്ററുകൾ സ്ഥാപിക്കുകയും യാത്രക്കാർക്കും വ്യാപാരികൾക്കും സൗജന്യമായി മാസ്‌കുകളും സാനിറ്റൈസറുകളും വിതരണം ചെയ്യുകയും ചെയ്തു. കോതകുളം സെന്ററിൽ നടന്ന ചടങ്ങിൽ വലപ്പാട് പൊലീസ് എസ്.എച്ച്.ഒ കെ. സുമേഷ് ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് ഷാജി ചാലിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. തോമസ് മാസ്റ്റർ മുഖ്യാതിഥിയായിരിന്നു. ആർ.എ. മുഹമ്മദ്, പി.എം. ബഷീറുദ്ദീൻ, താജുദ്ദീൻ, മനോജ് കുമാർ എന്നിവർ സംസാരിച്ചു.