തൃശൂർ: ഇന്ന് നടക്കുന്ന ജുമുഅ നമസ്‌കാരത്തിന് നിയന്ത്രണം പാലിക്കാൻ പൊലീസ് കമ്മിഷണറുടെ ഓഫീസിൽ ചേർന്ന വിവിധ മുസ്‌ലിം സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ തീരുമാനം. തൃശൂർ ടൗൺ ഉൾപ്പെടെയുള്ള വലിയ നഗരങ്ങളിലെ ജുമുഅ ബന്ധപ്പെട്ട കമ്മിറ്റികളുടെ തീരുമാനങ്ങൾക്ക് വിധേയമായി ഒഴിവാക്കും. പ്രാദേശിക മഹല്ലുകളിൽ ജുമുഅ ജമാഅത്തിൽ നിന്നും രോഗികൾ, വൃദ്ധർ, കുട്ടികൾ, അടുത്ത ദിവസങ്ങളിൽ വിദേശത്ത് നിന്നും എത്തിയവർ എന്നിവരെ ഒഴിവാക്കും. പരമാവധി അംഗസംഖ്യ അമ്പതിൽ കൂടാതെ പരിമിതപ്പെടുത്താൻ ശ്രമിക്കും. ജുമാ നമസ്‌കാര സമയം പരമാവധി ചുരുങ്ങിയ സമയം കൊണ്ടു പൂർത്തിയാക്കും. എല്ലാ പള്ളികളിലും ഹാൻഡ് വാഷ്, സാനിറ്റൈസർ, സോപ്പ് എന്നിവ ലഭ്യമാക്കും. നമസ്‌കാരത്തിനെത്തുന്നവർ വീടുകളിൽ നിന്ന് അംഗശുദ്ധി വരുത്തുകയും സ്വന്തം മുസല്ലകൾ കൊണ്ടുവരേണ്ടതാണെന്നും തീരുമാനിച്ചു. കമ്മിഷണർ ആർ. ആദിത്യയുടെ ഓഫീസിൽ ചേർന്ന യോഗത്തിൽ സ്‌പെഷൽ ബ്രാഞ്ച് എ.സി.പി. ഷംസുദ്ദീൻ, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സി.എച്ച്. റഷീദ്, സി.എ. മുഹമ്മദ് റഷീദ് (മുസ്‌ലിം ലീഗ്), നാസർ ഫൈസി തിരുവത്ര, ബഷീർ ഫൈസി ദേശമംഗലം (സമസ്ത), സയ്യിദ് ഫസൽ തങ്ങൾ, ജാഫർ ചേലക്കര (കേരള മുസ്‌ലിം ജമാഅത്ത്), മുനീർ വരന്തരപ്പള്ളി, ഇ.എ. മുഹമ്മദ് റഷീദ് (ജമാഅത്തെ ഇസ്‌ലാമി), പി.കെ. മുഹമ്മദ്, ഇ.കെ. ഇബ്രാഹിംകുട്ടി മൗലവി (കേരള നദ്‌വത്തുൽ മുജാഹിദ്ദീൻ), ഖാലിദ് കൊറേലി, വി.എം. റിയാസ് (കെ.എൻ.എം. ഗ്ലോബൽ വിസ്ഡം), പി.കെ. അബ്ദുള്ള (മർക്കസുദ്ദഅ്‌വ) എന്നിവർ പങ്കെടുത്തു.