തൃപ്രയാർ: കൊറോണ വൈറസ് പടർന്നു പിടിച്ച സാഹചര്യത്തിൽ ഈ വർഷത്തെ തൃപ്രയാർ തേവരുടെ മകീര്യം പുറപ്പാട് മുതൽ ഉത്രം വിളക്ക് വരെയുള്ള ചടങ്ങുകൾ ആഘോഷങ്ങൾ ഒഴിവാക്കി ചടങ്ങ് മാത്രമാക്കും. കൊച്ചിൻ ദേവസ്വം ബോർഡാണ് ഇക്കാര്യത്തിൽ തീരുമാനം കൈക്കൊണ്ടത്. പൂരത്തോടനുബന്ധിച്ച് തേവർ പങ്കെടുക്കുന്ന എല്ലാ ചടങ്ങുകളും യഥാവിധിയുണ്ടാവും. എന്നാൽ മറ്റു ആഘോഷങ്ങൾ, വിശേഷാൽ മേളം, അലങ്കാരപന്തലുകൾ, പഞ്ചവാദ്യം മുതലായവ ഉണ്ടായിരിക്കില്ലെന്ന് തൃപ്രയാർ ദേവസ്വം മാനേജർ അറിയിച്ചു. എല്ലാ പ്രാദേശിക കമ്മിറ്റികളും ഇപ്പോൾ നിലനിൽക്കുന്ന അടിയന്തര സാഹചര്യം മുൻനിറുത്തി ആഘോഷ, അലങ്കാരം, അന്നദാനം എന്നിവ ഒഴിവാക്കി സഹകരിക്കണമെന്നും ദേവസ്വം മാനേജർ ആവശ്യപ്പെട്ടു. ഭക്തർ സ്വയം നിയന്ത്രണം പാലിക്കണം. പൂരത്തോടനുബന്ധിച്ച് പുറപ്പാട് ദിവസം നടക്കുന്ന അന്നദാനം, ആറാട്ടുപൂഴ പൂരം കഴിഞ്ഞ് മടങ്ങുന്ന സമയം നടക്കുന്ന വെണ്ട്രശ്ശേരി കഞ്ഞിവിതരണം എന്നിവ സുരക്ഷയുടെ ഭാഗമായി ഉണ്ടായിരിക്കുന്നതല്ല. മാർച്ച് 30 ന് മകീര്യം പുറപ്പാട് ദിവസം തൃപ്രയാർ ക്ഷേത്രത്തിലെത്തിച്ചേരുന്ന ഭക്തർ ദർശനം കഴിഞ്ഞ് ചുറ്റമ്പലത്തിനകത്ത് കൂട്ടം കൂടി നിൽക്കരുതെന്നും ദേവസ്വം മാനേജർ അറിയിച്ചു.