ചേലക്കര: ടോറസ് ലോറി നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചു കയറി. രണ്ട് മണിക്കൂർ നേരത്തെ തീവ്ര പരിശ്രമത്തിൽ വാഹനത്തിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് രക്ഷിച്ചു. ചെന്ത്രാപ്പിന്നി കറുപ്പം വീട്ടിൽ ഹൈദർ അലിയെ (35) ആണ് ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വ്യാഴാഴ്ച പുലർച്ചെ നാലേമുക്കാലോടെ നിയന്ത്രണം വിട്ട ലോറി വൈദ്യുതി പോസ്റ്റ് തകർത്ത് വക്കീലായ കോനാത്ത് സുനിലിന്റെ വീട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇതിനിടെ ക്ലീനർ പ്രിൻസ് ചാടി രക്ഷപ്പെട്ടു. വീടിന്റെ മുൻവശത്തെ റൂമിൽ ആരും കിടക്കാഞ്ഞതിനാൽ ആളപായമുണ്ടായില്ല. പൊലീസും നാട്ടുകാരും എത്തി രക്ഷാപ്രവർത്തനം തുടർന്നെങ്കിലും വീടിന്റെ ടെറസ് ഇടിഞ്ഞ് കാബിനിൽ ജാമായതിനാൽ ലോറി മാറ്റാൻ കഴിഞ്ഞില്ല. ഇതിനിടെ ഫയർഫോഴ്‌സും എത്തി. പിന്നീട് രണ്ട് ജെ.സി.ബി. ഉപയോഗിച്ചാണ് ഏറെ പരിശ്രമത്തിനൊടുവിൽ കുടുങ്ങി കിടന്ന ഡ്രൈവറെ പുറത്തെടുത്തത്. ഡ്രൈവർ അപകടനില തരണം ചെയ്തിട്ടുണ്ട്.