തൃശൂർ: ദേശീയപാതാ കല്ലിടുക്കിൽ അടിപ്പാത പണിയാൻ കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മിഷൻ ഉത്തരവിട്ടു. ദേശീയപാത നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ പ്രദേശത്ത് അടിപ്പാത വേണമെന്ന ആവശ്യവുമായി ജനകീയ സമരങ്ങൾ നടന്നിരുന്നു. അശാസ്ത്രീയമായ ഹൈവേ നിർമ്മാണം നിരന്തര അപകടങ്ങൾക്കും മരണത്തിനും കാരണമാകുന്നുവെന്ന് കാണിച്ച് പ്രദേശവാസിയായ സുഭാഷ് കുമാർ നൽകിയ ഹർജിയിലാണ് ഉത്തരവ്.

നിലവിൽ അപകടങ്ങൾ കുറയ്ക്കുന്നതിന് വേണ്ടി പ്രദേശത്തെ ബ്ലാക്ക് സ്‌പോട്ട് ആയി കണക്കാക്കി പൊലീസ് നിരന്തര വാഹന പരിശോധന നടത്തുന്നുണ്ട്. വ്യത്യസ്ത അപകടങ്ങളിൽ 16 പേരാണ് കല്ലിടുക്ക് താണിപ്പാടം മേഖലയിൽ മാത്രം മരിച്ചത്. തെക്കുംപാടം, മഞ്ഞക്കുന്ന്, കന്നാലിചാൽ, ചെളിക്കുഴി, പൂളച്ചോട് തുടങ്ങിയ പ്രദേശത്തെ ജനങ്ങൾ ദേശീയപാത മുറിച്ചു കടക്കുന്നത് ഇവിടെ വച്ചാണ്. മേഖലയിലേക്കുള്ള ബസ് സർവീസും ഇതുവഴിയാണ്.

പാണഞ്ചേരി പഞ്ചായത്തിലെ കിഴക്കു ഭാഗത്ത് നിന്നും വരുന്നവർക്ക് പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, ഇലക്ട്രിസിറ്റി ഓഫീസ്, മൃഗാശുപത്രി, ഹയർ സെക്കൻഡറി സ്‌കൂൾ തുടങ്ങിയ സ്ഥലങ്ങളിലേക്ക് വരാൻ നിലവിൽ ദേശീയപാത മുറിച്ചുകടക്കാൻ മറ്റു മാർഗങ്ങളില്ല. ഇവർ രണ്ടു കിലോമീറ്റർ അധികം സഞ്ചരിച്ചാണ് ഇവിടേക്ക് എത്തുന്നത്. അപകട മരണങ്ങളെ തുടർന്ന് ദേശീയപാത മുറിച്ചുകടക്കുന്ന ഭാഗം പൊലീസ് കോൺക്രീറ്റ് ഗർഡർ ഉപയോഗിച്ച് തടഞ്ഞിട്ടുണ്ട്. ഇതോടെ മേഖലയിലേക്കുള്ള ബസുകൾ പോകുന്നത് മറ്റ് വഴികളിലൂടെയാണ്.