കോടാലി: നവീകരിച്ച വെട്ടിയാടൻ ചിറ നിറ സമൃദ്ധിയിൽ നാടിന് കുളിരേകും. മറ്റത്തൂർ പഞ്ചായത്തിലെ കൊരേച്ചാലിൽ ഒരേക്കറോളം വിസ്തൃതിയുള്ള വെട്ടിയാടൻചിറയുടെ നവീകരണം അവസാന ഘട്ടത്തിലാണ്. വർഷങ്ങൾക്ക് മുൻപ് പ്രദേശമാകെ ജലസമൃദ്ധമാക്കിയിരുന്ന കുളം ആവശ്യമായ കരുതലോ ശ്രദ്ധയോ ഇല്ലാതെ അവഗണിക്കപ്പെട്ടതിനാൽ വർഷത്തിലും വറ്റിവരണ്ട
അവസ്ഥയിലായിരുന്നു. സംഭരിക്കുന്ന വെള്ളം ചോർന്ന് പോകുന്ന അവസ്ഥയായിരുന്നു. നിർമാണം പൂർത്തിയാകുന്നതോടെ വെള്ളം ചോർന്ന് പോകാതെ സംഭരിച്ചുനിറുത്താനാകും.
പൊള്ളുന്ന ചൂടിലും പ്രദേശവാസികൾക്ക് ആശ്വാസമാകും ഒരു ഏക്കറോളം വരുന്ന ഈ കുളം. കുളത്തിന്റെ ഒരു ഭാഗം സൗന്ദര്യവത്കരണവും ഇരുഭാഗത്തും അൽപംകൂടി കരിങ്കൽ കെട്ട് ഉയർത്തുന്ന പ്രവൃത്തികൂടിയാണ് ബാക്കിയുള്ളത്. നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ ഗ്രാമവാസികൾ ഈ കുളക്കരയെ ചൂടിൽനിന്നും രക്ഷനേടുന്നതിനായുള്ള സങ്കേതമായി മാറ്റും. നാലുവശവും കരിങ്കല്ലുകൊണ്ട് കെട്ടി സംരക്ഷിച്ച ചിറയിൽ വെള്ളം കെട്ടിനിറുത്തും.
രണ്ട് ഘട്ടങ്ങളിലായാണ് കുളത്തിന്റെ നവീകരണം പൂർത്തിയാകുന്നത്. കേന്ദ്ര സർക്കാരിന്റെ സഹസ്ര സരോവർ പദ്ധതി പ്രകാരം 2014ൽ ഒന്നാം ഘട്ടത്തിൽ ചിറ നവീകരണത്തിനായി 36 ലക്ഷം രൂപ അനുവദിച്ചിരുന്നു. രണ്ടാം ഘട്ടത്തിൽ വശങ്ങളുടെ സംരക്ഷണം ആഴംകൂട്ടൽ എന്നിവക്കായി 40 ലക്ഷം രൂപയും അനുവദിച്ചിരുന്നു. നിർമ്മാണം അവസാന ഘട്ടത്തിലായ ചിറയിൽ വെള്ളം നിറക്കുന്നതിനായി ഒന്നര കലോമീറ്റർ അകലെയുള്ള ചേലക്കാട്ടുകര വലിയതോടിന് സമീപത്തെ കൊരേച്ചാൽ ലിഫ്റ്റ് ഇറിഗേഷനിൽ നിന്ന് വെള്ളം പമ്പ് ചെയ്യണം. ഇടക്കിടെ പമ്പ് ചെയ്ത് കുളം നിറഞ്ഞാൽ വേനലിൽ പ്രദേശത്ത് ശുദ്ധജല ക്ഷാമം ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.