2500 ഓളം ഐസോലേഷൻ വാർഡുകൾ ഒരുക്കാൻ തയ്യാറെടുപ്പ്
തൃശൂർ: കൊറോണയുടെ സമൂഹവ്യാപനം തടയുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകൾ സ്വീകരിച്ചു വരികയാണെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എ.സി മൊയ്തീൻ, ഗവ. ചീഫ് വിപ് അഡ്വ. കെ രാജൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സർക്കാർ സ്വകാര്യ ആശുപത്രികളിലായി ഇരുനൂറോളം ഐസോലേഷൻ ബെഡുകൾ ഇതിനകം ഒരുക്കിയിട്ടുണ്ട്. സമൂഹവ്യാപനം ഉണ്ടാവുകയാണെങ്കിൽ അത്തരം സാഹചര്യത്തെ നേരിടുന്നതിന് പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസുകൾ, ഓഡിറ്റോറിയങ്ങൾ, കോളേജുകൾ തുടങ്ങിയ കേന്ദ്രങ്ങളിലായി 2500 ഓളം ഐസോലേഷൻ വാർഡുകൾ ഒരുക്കുന്നതിന് തയ്യാറെടുപ്പ് ആരംഭിച്ചു.
മാസ്കുകൾ ഒരുക്കും
ഗൃഹസന്ദർശനം നടത്തുന്നവർ ഉൾപ്പെടെയുളള ആരോഗ്യപ്രവർത്തകർക്ക് മാസ്‌കുകൾ കിട്ടാനില്ലെന്ന പ്രശ്‌നം പരിഹരിക്കും. ഇതിനാവശ്യമായ ക്രമീകരണം ജില്ലയിൽ ഏർപ്പെടുത്തും. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഭക്ഷണം എത്തിച്ച് നൽകുന്നതിനും വീട്ടുമൃഗങ്ങളെ പരിപാലിക്കുന്നതിനുമുളള ക്രമീകരണം തദ്ദേശസ്ഥാപനങ്ങൾ ഏർപ്പെടുത്തും.
സന്നദ്ധ പ്രവർത്തകരെ ആവശ്യമുണ്ട്
പ്രതിരോധ സംവിധാനം വിപുലപ്പെടുത്തുന്നതിന് സന്നദ്ധ പ്രവർത്തകരെ ആവശ്യമുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ ആരംഭിച്ച രജിസ്‌ട്രേഷൻ കൗണ്ടറുകളിൽ സന്നദ്ധപ്രവർത്തകർക്ക് രജിസ്റ്റർ ചെയ്യാം. ഇതിനായി യുവജന സംഘടനകളുടെ യോഗവും വിളിക്കും. ഓട്ടോറിക്ഷാ, ടാക്‌സി തൊഴിലാളികൾക്ക് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിന് പരിശീലനം നൽകും. അതിഥി തൊഴിലാളികൾ കൂട്ടത്തോടെ നാടുവിടുന്ന സ്ഥിതി ഒഴിവാക്കാൻ കെട്ടിടനിർമ്മാതാക്കൾ, കരാറുകാർ എന്നിവരുടെ യോഗം വിളിക്കും. അതിഥി തൊഴിലാളികളുടെ താമസകേന്ദ്രങ്ങളിൽ സുരക്ഷിത്വം ഉറപ്പു വരുത്തുമെന്നും മന്ത്രി പറഞ്ഞു.
പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ 24 മണിക്കൂറും
ജില്ലയിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ പ്രവർത്തനം ദിവസം മുഴുവനും ഉറപ്പാക്കും. ഇതിന് നിലവിലുളള ഡോക്ടർമാരുടെ സേവനത്തിന് പുറമേ സന്നദ്ധ പ്രവർത്തകരായ ഡോക്ടർമാരെയും ഉപയോഗിക്കും. ഇതിനകം 80 ഓളം ഡോക്ടർമാർ സൗജന്യ സേവനത്തിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്.
മറ്റ് കാര്യങ്ങൾ
തദ്ദേശസ്ഥാപനങ്ങളിൽ സിനിമ വിനോദനികുതി അടയ്ക്കാനും വ്യാപാര ലൈസൻസ് പുതുക്കാനുമുളള സമയപരിധി ഏപ്രിൽ 30 വരെ നീട്ടിയിട്ടുണ്ട്. എല്ലാത്തരം റവന്യൂ റിക്കവറി നടപടികളും നിറുത്തിവച്ചു. വൈദ്യുതി ബന്ധം വിച്ഛേദിക്കരുതെന്ന് കെ.എസ്.ഇ.ബിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലയുടെ ചില കേന്ദ്രങ്ങളിൽ ഡങ്കുപ്പനി, ചിക്കൻപോക്‌സ് എന്നിവ പടരുന്നതായി റിപ്പോർട്ടുണ്ട്. ഇത് തടയുന്നതിന് നടപടികൾ സ്വീകരിക്കും. കൊതുകു നശീകരണത്തിന് തദ്ദേശസ്ഥാപനങ്ങൾ മുൻകൈ എടുക്കും. മുസ്‌ലീം പള്ളികളിലെ വെള്ളിയാഴ്ച നമസ്കാരത്തിന് ആൾകൂട്ടം കുറയ്ക്കാൻ സന്നദ്ധരായ സമുദായ നേതാക്കളോട് മന്ത്രി നന്ദി രേഖപ്പെടുത്തി. കൊടുങ്ങല്ലൂർ ഭരണി ഉത്സവത്തോട് അനുബന്ധിച്ചുളള കോഴിക്കല്ല് മൂടൽ ചടങ്ങിന് പതിവിന് വിപരീതമായി കുറച്ച് മാത്രമാണ് എത്തിയത്. ഇത്തരം സാമൂഹിക ജാഗ്രത എല്ലാവരും പ്രകടിപ്പിക്കണം.
ജില്ലാ കളക്ടർ എസ്. ഷാനവാസ്, ഡി.എം.ഒ ഡോ. കെ.ജെ. റീന, ഡെപ്യൂട്ടി ഡി.എം.ഒ: ഡോ. സതീഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.