കൊടുങ്ങല്ലൂർ: ശ്രീകുരുംബ ക്ഷേത്രത്തിലെ ഭരണിയുടെ ഭാഗമായുള്ള ജനത്തിരക്കിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നതിന് മൂന്ന് ഉദ്യോഗസ്ഥർക്ക് എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റിന്റെ ചുമതല നൽകി. തൃശൂർ ഡെപ്യൂട്ടി കളക്ടർ എം.ബി. ഗിരീഷ്, ഡെപ്യൂട്ടി കളക്ടർ എൻ.എച്ച്. പാർവതി ദേവി, ഡെപ്യൂട്ടി കളക്ടർ (ഇലക്‌ഷൻ) എൻ.കെ. കൃപ എന്നിവരെയാണ് എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റിന്റെ ചുമതല നൽകി കളക്ടർ എസ്. ഷാനവാസ് നിയമിച്ചത്.
കൊട്ടങ്ങല്ലൂർ തഹസിൽദാർ എസ്. രേവയ്ക്ക് ഇവർക്ക് പുറമെ പ്രത്യേക ചുമതല നൽകിയിട്ടുണ്ട്. ആചാര അനുഷ്ഠാനങ്ങൾ മുറപ്പോലെ നടക്കുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിന് വേണ്ടിയാണ്ചുമതല. ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും കടുത്ത നിയന്ത്രണങ്ങൾ ലംഘിച്ച് ഭക്തജനങ്ങൾ ഇരച്ച് കയറുമെന്നുള്ള സൂചന കിട്ടിയതിനെ തുടർന്നാണ് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. കോഴിക്കല്ല് മൂടൽ ചടങ്ങിന് രണ്ട് ക്ഷേത്ര ഗേറ്റുകൾ അടച്ചിട്ടും ഭക്തർ നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി തടിച്ചുകൂടിയിരുന്നു.
ചുമതലയുടെ ഭാഗമായി ഇന്നലെ ഡെപ്യൂട്ടി കളകർ എം.ബി. ഗിരീഷ് ക്ഷേത്രത്തിലെത്തി ചർച്ച നടത്തി വിലയിരുത്തൽ നടത്തി. എല്ലാ ദിവസവും ഭരണി ആഘോഷവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എ.ഡി.എമ്മിന് റിപ്പോർട്ട് നൽകാനും തീരുമാനിച്ചിട്ടുണ്ട്.