ചാലക്കുടി: കൊറോണ രോഗ ഭീഷണിയെ തുടർന്ന് മലക്കപ്പാറയിലെ കേരള- തമിഴ്‌നാട് അതിർത്തി അടച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പരിശോധന കർശനമാക്കിയിരുന്നു. വെള്ളിയാഴ്ച അഞ്ച് മണിയോടെ വാഹനങ്ങൾ കടന്നു പോകുന്നത് പൂർണ്ണമായും നിരോധിച്ചു. പ്രധാനമായും ടൂറിസവുമായി ബന്ധപ്പെട്ട യാത്രയ്ക്കായി ഉപയോഗിക്കുന്ന ഈ അന്തർ സംസ്ഥാന പാതയിലൂടെ നൂറ് കണക്കിന് വാഹനങ്ങളാണ് കടന്നു പൊയ്‌ക്കൊണ്ടിരുന്നത്.
ചാലക്കുടിയിൽ നിന്നും 90 കിലോമീറ്റർ അകലെ മലക്കപ്പാറ തോട്ടം മേഖലയിലാണ് കേരളം -തമിഴ്‌നാട് അതിർത്തി. തമിഴ്‌നാടിന്റെ അധീനതയിലുള്ള അതിർത്തിയാണ് അടച്ചത്. ഒരു കിലോമീറ്റർ ഇപ്പുറത്ത് തേയില തോട്ടത്തിന് നടുവിലാണ് കേരള ചെക്ക് പോസ്റ്റ്. തമിഴ്‌നാട് ചെക്ക് പോസ്റ്റിൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. അതിരപ്പിള്ളി, വാഴച്ചാൽ, ഷോളയാർ, മലക്കപ്പാറ വരെ കേരള അതിർത്തിയാണ്. തമിഴ്‌നാട് ചെക്ക് പോസ്റ്റ് കടന്ന് അപ്പർ ഷോളയാർ, വാൽപ്പാറ, ആളിയാർ, പൊള്ളാച്ചി, പളനി, കൊടെയ് കനാൽ ഇങ്ങനെ വലിയൊരു ടൂറിസ്റ്റ് റൂട്ടാണിത്. അതിനാൽ തന്നെ വിദേശികളടക്കമുള്ള ആയിരക്കണക്കിന് ടൂറിസ്റ്റുകളുടെ വിനോദ സഞ്ചാരപാതയും ഇതാണ്. കൊറോണ രോഗ ഭീഷണിയുടെ പശ്ചാതലത്തിൽ ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം അടച്ചിട്ടുണ്ട്. എങ്കിലും ധാരാളം യാത്രക്കാർ ഇതിലൂടെ കടന്നു പോയിരുന്നു. രോഗ പ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കിയതിന്റെ ഭാഗമായാണ് വാഹന ഗതാഗതം പൂർണ്ണമായും നിരോധിച്ചത്.