കാഞ്ഞാണി: പൈപ്പ് പൊട്ടിയതിനെ തുടർന്ന് മണലൂർ പുത്തൻകുളം ഭാഗങ്ങളിലേക്ക് ഒരു മാസമായി നിറുത്തിവച്ച പമ്പിംഗ് പുനരാരംഭിച്ചു. കുടിവെള്ളം എത്തിക്കുന്ന പ്രധാന പൈപ്പ് പൊട്ടിയിട്ട് കുടിവെള്ളം പാഴാകുന്നത് സംബന്ധിച്ച് കേരളകൗമുദി വാർത്ത നൽകിയിരുന്നു.. ഇതേത്തുടർന്നാണ് അധിക്യതർ കണ്ണ് തുറന്നത്.
പൈപ്പുകളുടെ അറ്റകുറ്റപ്പണി നടത്തുന്ന കരാറുകാർ സമരത്തിലാണെന്ന് പറഞ്ഞ് അറ്റകുറ്റപ്പണി നടത്താതെ ഇരിക്കുകയായിരുന്നു അധികൃതർ. രണ്ട് വർഷമായി പൈപ്പുകളുടെ അറ്റകുറ്റപ്പണികൾ ചെയ്തതിന്റെ പണം കിട്ടാത്തതിനെ തുടർന്ന് അനിശ്ചിതകാല സമരം പ്രഖ്യാപിച്ച കരാറുകാർ കൊറോണ മുലം സമരം അവസാനിപ്പിച്ചെങ്കിലും ഇതിനൊരു പരിഹാരമായില്ല. കുടിവെള്ളത്തിൽ ചെളിയും മാലിന്യവും കലരാൻ തുടങ്ങിയിരുന്നു. യുദ്ധകാല അടിസ്ഥാനത്തിൽ ചെയ്യേണ്ട കുടിവെള്ളത്തിന്റെ പൈപ്പ് കേടുപാടുകൾ തീർക്കാണ്ടതിന് പകരം പമ്പിംഗ് നിറുത്തുകയായിരുന്നു.
ഇതേത്തുടർന്ന് തീരപ്രദേശമായ മണലൂരിൽ രൂക്ഷമായ കുടിവെള്ളം ക്ഷാമം തുടങ്ങി. ഇതേക്കുറിച്ച് കേരളകൗമുദി റിപ്പോർട്ട് നൽകിയതിനെ തുടർന്നായിരുന്നു അടിയന്തരമായി കേടുപാടുകൾ തീർത്ത് കുടിവെള്ളം പുനരാരംഭിക്കാൻ കരാറുകാരന് നിർദ്ദേശം നൽകിയത്. ഇന്നലെ പ്രധാനപൈപ്പിന്റെ കേടുപാടുകൾ തീർത്ത് കുടിവെള്ളം പമ്പിംഗ് ആരംഭിച്ചു.