വരന്തരപ്പിള്ളി: കൊവിഡ് 19 രോഗലക്ഷണമുള്ളവർ കറങ്ങി നടന്നാൽ മൂന്ന് വർഷം വരെ തടവും 10,000 രൂപ പിഴയും ഈടാക്കുമെന്ന് പ്രചാരണവുമായി പൊലീസ്. രോഗവ്യാപനം തടയുന്നതിനായുള്ള നിർദേശങ്ങൾ കർശനമായി പാലിക്കണം. നിരീക്ഷണത്തിലുള്ളവർ രോഗ പകർച്ചക്ക് കാരണമാകുംവിധം അശ്രദ്ധയോടെ പെരുമാറരുത്. ഇവരുടെ പെരുമാറ്റം പൊതുജനാരോഗ്യത്തിന് ഭീഷണിയാകരുത്. കേരള പൊലീസ് നിയമം വകുപ്പ് 118 ഇ പ്രകാരമാണ് കേസെടുക്കുക. ഇത് സംബന്ധിച്ച് വരന്തരപ്പിള്ളി പൊലീസ് ലഘുലേഖ പ്രചാരണം തുടങ്ങി.

പുതുക്കാട്: പുതുക്കാട് ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിലും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലും മാസ്‌ക് വിതരണവും ബോധവത്കരണം നടത്തി. എസ്.എച്ച്.ഒ എസ്.പി. സുധീരൻ നേതൃത്വം നൽകി.
എ.ഐ.വൈ.എഫ് പുതുക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആളഗപ്പനഗർ പോസ്റ്റ് ഓഫീസ്, കെ.എസ്.ഇ.ബി, പുതുക്കാട് പ്രസ്‌ക്ലബ്, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ മാസ്‌കുകൾ വിതരണം ചെയ്തു.

ബ്രേക്ക് ദ ചെയിൻ കാമ്പയിന്റെ ഭാഗമായി ജെ.സി.ഐ ട്രിച്ചൂർ ഗ്രീൻസിറ്റി ഹാൻഡ് വാഷ് കോർണറുകൾ സ്ഥാപിച്ചു. ബസാർ റോഡിൽ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് എൻ.ആർ. ജോഷിയും കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയിൽ ഹെൽത്ത് ഇൻസ്‌പെക്ടർ സി.എൻ. വിദ്യാധരനും ഉദ്ഘാടനം ചെയ്തു