അന്തിക്കാട്: നൂറ് ശതമാനം പദ്ധതി വിഹിതം ചെലവഴിച്ച അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാന തലത്തിൽ നൂറ് ശതമാനം പൂർത്തീകരിച്ച ആദ്യ ബ്ലോക്ക് പഞ്ചായത്തായി മാറിയെന്ന് പ്രസിഡന്റ് പി.സി. ശ്രീദേവി പത്രസമ്മേളനത്തിൽ പറഞ്ഞു. ഉത്പാദന പശ്ചാത്തല മേഖലകളിൽ മാതൃകാപരമായ പദ്ധതികളിലൂടെയാണ് പദ്ധതി വിഹിതം ചെലവഴിച്ച് അഭിമാനനേട്ടം കൈവരിച്ചത്.
നാട്ടിൻ പുറത്തെ സർക്കാർ ആശുപത്രിയായ തൃപ്രയാർ സി.എച്ച്.സിയിൽ മാമോഗ്രാം സെന്റർ ഉൾപ്പടെ നാടിന്റെ ആരോഗ്യ മേഖലകളിലും നിർണ്ണായക ഇടപെടൽ നടത്തി. തരിശ് കിടന്ന 1500 ഏക്കർ പാടങ്ങൾ ഉൾപ്പടെ 3500 ഏക്കർ നിലങ്ങളിൽ നെൽക്കൃഷി വ്യാപനം നടപ്പിലാക്കിക്കൊണ്ട് അന്തിക്കാട് ബ്ലോക്കിനെ തരിശ് രഹിത ബ്ലോക്ക് പഞ്ചായത്താക്കി മാറ്റുന്നതിന്നും പദ്ധതി വിഹിത പ്രവർത്തനം സഹായകമായി. മുഖ്യമന്ത്രി പിണറായി വിജയനെ കൊണ്ട് തരിശ്രഹിത പ്രഖ്യാപനം നടത്തുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നതായും പ്രസിഡന്റ് പറഞ്ഞു.
സമഗ്ര വികസനം സാദ്ധ്യമാക്കിയാണ് നൂറ് ശതമാനത്തിലേക്കെത്തിയതെന്നും ഇതിന് വേണ്ടി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ അത്യപൂർവമായ ഇടപെടൽ മാതൃകാപരമാണെന്നും അവർ പറഞ്ഞു. ജനറൽ ഫണ്ട് 2859 1000 രൂപയും എസ്.സി ഫണ്ട് 16899000 രൂപയും ചേർന്ന് ആകെ 45490000 രൂപയാണ് 201920 സാമ്പത്തിക വർഷത്തിൽ പദ്ധതി വിഹിതം ചെലവഴിച്ചത്. പ്രസിഡന്റിനെ കൂടാതെ വൈസ് പ്രസിഡന്റ് ടി.കെ. പരമേശ്വരൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ.കെ. ശോഭന, കെ.എൽ. ജോസ്, ഷീബ മനോഹരൻ, വാർഡ് അംഗം പി.വി. സിജുലാൽ, ബി.ഡി.ഒ ജോളി വിജയൻ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.