കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതീ ക്ഷേത്രത്തിൽ രണ്ടംഗ സംഘം കോഴിയെ അറുത്തിട്ട് ഓടി രക്ഷപ്പെട്ടു. ഇവർക്ക് സഹായകരമായ നിലപാടെടുത്ത രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വി.പി. തുരുത്ത് തറയിൽ ശരത് ശിവൻ(30), ആല, പൂതോട്ട് ആദിത്യഅജയ്(22) എന്നിവരാണ് കസ്റ്റഡിയിലായത്. ഇന്നലെ ഉച്ചയോടെയാണ് കോഴിവെട്ട് എന്ന പ്രാകൃത ആചാരം ക്ഷേത്രാങ്കണത്തിൽ അരങ്ങേറിയത്. ജില്ലയ്ക്ക് പുറമെ നിന്നുള്ള രണ്ട് പേരാണ് കോഴിയുമായെത്തി, ഇതിനെ അറുത്തിട്ട് ഓടി രക്ഷപ്പെട്ടത്.
പൊലീസ് കസ്റ്റഡിയിലായ ശരത് ഇവർ നൽകിയ മൊബൈൽ ഫോൺ വാങ്ങി, ആദിത്യക്ക് കൈമാറി, അയാളെ കൊണ്ട് കോഴിയെ അറുക്കുന്നതിന്റെ ദൃശ്യം ചിത്രീകരിപ്പിക്കുകയായിരുന്നു. ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാർ ഇത് കണ്ട് ഇവിടേക്കെത്തുമ്പോഴേക്കും കോഴിയെ അറുത്തിട്ട രണ്ടംഗ സംഘം ഓടി രക്ഷപ്പെട്ടിരുന്നു. ക്ഷേത്രാചാരത്തിന്റെ പേരിൽ കോഴി വെട്ട് പുനരാരംഭിക്കണമെന്ന സന്ദേശവുമായി വിശ്വവാമാചാര ധർമ്മ രക്ഷാ സംഘമെന്ന ജില്ലയ്ക്ക് പുറത്തുള്ള ഒരു സംഘടനയുടെ പേരിൽ കഴിഞ്ഞ ദിവസം നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതോടെ ഉയർന്ന പ്രതിഷേധം തുടരുന്നതിനിടെയാണ് ഈ സംഭവമുണ്ടായത്.
ഇതുമായി ബന്ധപ്പെട്ട് ശ്രീദേവസ്വം മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മാർച്ച് 27 ന് ആയിരക്കണക്കിന് കോഴികളെ ബലിയർപ്പിക്കുമെന്നാണ് പോസ്റ്ററിൽ സംഘടന വ്യക്തമാക്കിയിരുന്നത്. ഈ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതോടെ എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയൻ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, ശ്രീനാരായണ ദർശനവേദി, കേരള യുക്തിവാദി സംഘം, ബി.ജെ.പി കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി, ക്ഷേത്ര സംരക്ഷണ സമിതി തുടങ്ങിയ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതെല്ലാം അവഗണിച്ച് അരങ്ങേറിയ കോഴിബലിയുടെ പാശ്ചാത്തലത്തിൽ ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെയും മൃഗബലി നിരോധന നിയമം ലംഘിക്കാൻ ആഹ്വാനം ചെയ്തവർക്കുമെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
ശ്രീനാരായണ ഗുരുദേവനും പിന്നീട് സഹോദരനയ്യപ്പനുമൊക്കെ ഉയർത്തിയ ശക്തമായ പ്രതിരോധത്തിന്റെ ഫലമായി 1968ലെ ജന്തു പക്ഷി ബലി നിരോധന നിയമപ്രകാരം 1977 ൽ നിരോധിച്ചതാണ് കോഴി ബലി. ഇതേത്തുടർന്ന് ഭരണിയാഘോഷ നാളിൽ കോഴിയെ സമർപ്പിക്കലും, കുമ്പളങ്ങ ഗുരുതിയുമാണ് പതിറ്റാണ്ടുകളായി നടക്കുന്നത്.