കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ മീനഭരണിയോടനുബന്ധിച്ച് കോഴി വെട്ട് എന്ന ദുരാചാരത്തെ ഉയർത്തിക്കൊണ്ടുവരാനുള്ള നീക്കത്തെ ചെറുക്കണമെന്ന് ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഹിന്ദു മതാചാര്യന്മാരും, ഹൈന്ദവ നവോത്ഥാന നായകരും കൂട്ടമായി തീരുമാനിച്ച് ഒഴിവാക്കിയ നീചകർമ്മത്തെ അനുവദിക്കരുതെന്നും മണ്ഡലം പ്രസിഡന്റ് കെ.എസ് വിനോദിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം ആവശ്യപ്പെട്ടു. എൽ.കെ മനോജ്, ജീവൻ നാലുമാക്കൽ, സുനിൽ വർമ്മ, വിദ്യാസാഗർ എന്നിവർ സംസാരിച്ചു.
പ്രാകൃത ആചാരമായ കോഴിവെട്ട് തിരിച്ചുകൊണ്ടു വരുവാനുള്ള ശ്രമം അപലപനീയമാണെന്ന് ക്ഷേത്ര സംരക്ഷണ സമിതി അഭിപ്രായപ്പെട്ടു. ഇന്നത്തെ പരിഷ്കൃത സമൂഹത്തിൽ ഹിന്ദു സംസ്കാരത്തെ കുറിച്ച് അവമതിപ്പ് ഉണ്ടാക്കുവാനായുള്ള ചില സാമൂഹിക വിരുദ്ധ ശക്തികളുടെ ശ്രമമാണ് പിറകിലെന്നും ഭാരവാഹികൾ വ്യക്തമാക്കി.
പണ്ടെങ്ങോ നിലനിന്നിരുന്ന പ്രാകൃതവും ധർമ്മത്തിന് നിരക്കാത്തതുമായ കോഴി വെട്ട് എന്ന ആചാരത്തെ തിരികെ കൊണ്ടുവരാനുള്ള ശ്രമം സ്വീകാര്യമല്ലെന്ന് ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സമിതി അംഗം സി.എം ശശീന്ദ്രൻ പത്രക്കുറിപ്പിൽ വ്യക്തമാക്കി.